ആലപ്പുഴ-അരിപ്പത്തിരി കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ ബാങ്ക് പിൻവലിച്ചു. പത്തിരി വിറ്റവകയിൽ അക്കൗണ്ടിലെത്തിയ 300 രൂപ മൂലം ഹൈക്കോടതി വരെ പോകേണ്ടിവന്ന തൃക്കുന്നപ്പുഴ പാനൂർ വേണാട്ട് വീട്ടിൽ ഇസ്മയിൽ ഇപ്പോൾ സന്തോഷത്തിലാണ്. റമളാനിന്റെ അവസാനത്തിൽ നീതി ലഭിച്ചതിൽ നാഥനെ സ്തുതിക്കുകയാണ് ഇസ്മയിൽ.
കഴിഞ്ഞ ആറുമാസമായി താൻ പത്തിരിവിറ്റ് സ്വരുക്കൂട്ടിയ പണം എടുക്കാനാകാതെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. മരവിപ്പിക്കൽ നടപടി പിൻവലിച്ചതായി ഫെഡറൽ ബാങ്കിന്റെ അമ്പലപ്പുഴ ശാഖയിൽ നിന്ന് ഇസ്മയിലിനെ തിങ്കളാഴ്ച വിവരമറിയിച്ചു. 300 രൂപയുടെ പേരിൽ ആറുമാസമായി ഇസ്മയിലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. ചെയ്ത തെറ്റ് എന്തെന്ന് പോലും അറിയാതെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലായ ഇസ്മായിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് രണ്ട് സിറ്റിംഗ് കഴിഞ്ഞു. കേസ് അന്തിമ തീരുമാനത്തിലെത്തുന്നതിനുമുമ്പ് ഫെഡറൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ പിൻവലിച്ചു.
പാനൂരിൽ അരിപ്പത്തിരിയും ചപ്പാത്തിയും നിർമിച്ച് വിൽക്കുന്ന സ്ഥാപനം നടത്തിവരികയാണ് ഇസ്മയിൽ. വീട് നിർമാണത്തിന്റെ ആവശ്യത്തിനായി കഴിഞ്ഞ ഒക്ടോബർ ആറിന് പണമെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. വിവരങ്ങൾ രേഖാമൂലം തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ ഫെഡറൽ ബാങ്ക് ശാഖ മാനേജർ ഒക്ടോബർ 10ന് നൽകിയ മറുപടിയിൽ 2022 സെപ്തംബർ 19 ന് താങ്കളുടെ അക്കൗണ്ടിൽ വീണിട്ടുള്ള 300 രൂപയുമായി ബന്ധപ്പെട്ട് ഒരു പോലീസ് കേസ് ഉണ്ടെന്നും ഈ തുകയെക്കുറിച്ചുള്ള ഉറവിടം വ്യക്തമാക്കണമെന്നുമായിരുന്നു അതിൽ ഉണ്ടായിരുന്നത്. തുടർന്ന് കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഒക്ടോബർ 19ന് ഇസ്മയിൽ കത്ത് നൽകുകയും 300 രൂപ തന്റെ പ്രദേശവാസിയായ യുവതി 150 അരിപ്പത്തിരി വാങ്ങിയ ഇനത്തിൽ തന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേയായി നിക്ഷേപിച്ചതാണെന്നും മറുപടി നൽകി. ഈ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും തന്റെ നിരപരാധിത്വവും ബാങ്കിനെ ബോധ്യപ്പെടുത്തിയെങ്കിലും തങ്ങൾ നിസ്സഹായരാണെന്ന മറുപടിയാണ് ബാങ്കുകാർ നൽകിയത്. തുടർന്ന് ഒക്ടോബർ 21ന് ബാങ്കുകാർ നൽകിയ മറുപടിയിൽ താങ്കളുടെ അക്കൗണ്ടിൽ 300 രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹൽവാദ് പോലീസ് സ്‌റ്റേഷനിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ നിർദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നുമാണ് വ്യക്തമാക്കിയിരുന്നത്. കേസ് സംബന്ധിച്ച വിവരങ്ങളും ഗുജറാത്ത് പോലീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പരും കത്തിടപാടു നടത്തേണ്ട വിലാസവും ഇ മെയിൽ വിലാസവുമെല്ലാം അടങ്ങിയ മറുപടി ബാങ്ക് അധികൃതർ ഇസ്മായിലിന് കൈമാറി. തുടർന്ന് ഡിസംബർ 20ന് ഗുജറാത്തിലെ ഹൽവാദ് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് ഇസ്മയിൽ തന്റെ നിരപരാധിത്വവും അക്കൗണ്ട് മരവിപ്പിച്ചതു മൂലം താൻ ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ബോധ്യപ്പെടുത്തി വിശദമായ കത്തയച്ചു. സമയബന്ധിതമായി നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പരാതി കൈപ്പറ്റിയതായി പോലും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഇസ്മായിൽ കോടതിയെ സമീപിക്കുകയായിരുന്നു. നാല് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. വീട് നിർമാണത്തിന്റെ ആവശ്യത്തിന് വേണ്ടി സമ്പാദിച്ച് വെച്ച പണമാണിതെന്ന് ഇസ്മയിൽ പറഞ്ഞു.. എസ്.ബി.ഐയിൽ നിക്ഷേപിച്ചിരുന്ന 3.55 ലക്ഷം രൂപ സംഭവം ഉണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഫെഡറൽ ബാങ്കിലേക്ക് മാറ്റിയത്. വീട് നിർമാണത്തിന് കരാർ ഏറ്റെടുത്തയാൾ ഫെഡറൽ ബാങ്കിലേക്ക് പണമിട്ടുനൽകണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് അങ്ങനെ ചെയ്തത്. മുന്നറിയിപ്പൊന്നും ഇല്ലാതെ പണം പിൻവലിക്കുന്നത് ബാങ്ക് മരവിപ്പിച്ചതോടെ വിഷമാവസ്ഥയിലായി . നടപടി വൈകിയപ്പോൾ നീതി തേടി ഇസ്മയിൽ ഫെഡറൽ ബാങ്കിന്റെ ആലുവയിൽ ഉള്ള ആസ്ഥാനത്തും ചെന്നു. 300 രൂപയുടെ സ്ഥാനത്ത് തന്റെ ജീവിത സമ്പാദ്യമായ നാല് ലക്ഷം രൂപ എന്തിന് തടഞ്ഞു വെക്കണമെന്ന് ഇസ്മയിൽ ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് വിഷമം നേരിട്ടെങ്കിലും അക്കൗണ്ട് മരവിപ്പിക്കൽ ഒഴിവായതിന്റെ സന്തോഷത്തിലാണ് ഇസ്മയിൽ. പത്തിരി വാങ്ങാനെത്തുന്നവർ ഗൂഗിൾ പേ ഒഴിവാക്കി പണമായി നൽകിയാൽ മതിയെന്ന ഡിമാന്റാണ് ഇസ്മയിലിനുള്ളത്.