Sorry, you need to enable JavaScript to visit this website.

ഇ.പി ജയരാജന്റെ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന് കൈമാറി

കണ്ണൂർ- ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ കുടുംബത്തിന് മുഖ്യ ഓഹരിയുള്ള, കണ്ണൂരിലെ വിവാദമായ വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഏപ്രിൽ 15ന് ഒപ്പുവെച്ചു. ഏപ്രിൽ 16 മുതൽ റിസോർട്ടിന്റെ നടത്തിപ്പ് അവകാശം പൂർണമായും നിരാമയ റീട്രീറ്റ്‌സിന് കൈമാറി.

ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള റിസോർട്ടായിരുന്നു ഇത്. അതേസമയം റിസോർട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്കാലികമായി നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും നടത്തിപ്പ് തൃപ്തികരമല്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും ഇ.പിയുടെ ഭാര്യ പികെ ഇന്ദിര പറഞ്ഞു. റിസോർട്ട് രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ദിര നിഷേധിച്ചിരുന്നു.

ഓഹരി വിൽക്കുമെന്ന് ഇ.പി യുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സങ്കീർണതകൾ കാരണമാണ് നടത്തിപ്പിന് കരാർ നൽകിയത്. കഴിഞ്ഞ ആറുമാസമായി ഇരുകമ്പനികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെന്നാണ് വിവരം.
 

Latest News