Sorry, you need to enable JavaScript to visit this website.

തലശേരിയിലെ രാമരാജ്യം, ക്ഷേത്രോത്സവത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര്

തലശ്ശേരി- ഇത് രാമരാജ്യമെന്ന് ബി.ജെ.പി. എന്നാൽ ഇതാരുടെയും രാജ്യമല്ലെന്ന് തിരിച്ചടിച്ച് ഡി.വൈ.എഫ്.ഐയും.  സി.പി.എം-ബി.ജെ.പി സംഘർഷത്തിന് ഇടക്കിടെ സാക്ഷിയാകേണ്ടി വരുന്ന തലശ്ശേരിയിലാണ് ഈ രാഷ്ട്രീയ പോസ്റ്റർ പോര് ആരംഭിച്ചത്. കേരളത്തിലെ തന്നെ പ്രമുഖ ശ്രീരാമസ്വാമി ക്ഷേത്രമായ തിരുവങ്ങാട്  ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ബി.ജെ.പിയാണ് 'രാമരാജ്യത്തേക്ക് സ്വാഗതം' എന്ന പേരിൽ ആദ്യം  കമാനം  ഉയർത്തിയത്. ബി.ജെ.പി ശക്തി കേന്ദ്രമായ തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വാർഡിലാണ് വിവാദ കമാനം സ്ഥാപിച്ചത്. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോൽസവത്തിന്റെ ഭാഗമായാണ് കമാനം സ്ഥാപിച്ചത്. ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്റെ പേരിൽ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലേക്ക് പോകുന്ന കീഴന്തിമുക്ക് കവലയിലാണ് വിവാദ കമാനം കഴിഞ്ഞ ദിവസം ഉയർന്നത്. ഇതിന്റെ ഫോട്ടോയും വീഡിയോയും ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും ബാനർ സ്ഥാപിച്ചതോടെയാണ് കമാന വിവാദം കൊടുമ്പിരിക്കൊണ്ടു. തിരുവങ്ങാട്  ക്ഷേത്രത്തിലേക്കുള്ള കിഴക്കെ നടയിലേക്ക് പോകുന്ന  മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐയുടെ കമാനം സ്ഥാപിച്ചത്. ആരുടെയും രാജ്യത്തേക്കല്ല. തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ഡി.വൈ.എഫ്.ഐ ഉയർത്തിയ ബാനറിൽ ചൂണ്ടിക്കാട്ടിയത്.

 

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിച്ച് വരുന്ന  ക്ഷേത്രമാണെങ്കിലും ബി.ജെ.പി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി കൗൺസിലറായിരുന്നു ഈ  വാർഡിനെ പ്രതിനിധാനം ചെയ്തിരുന്നത്.  മത്സ്യബന്ധന തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതി കെ. ലിജേഷ് പ്രതിനിധാനം ചെയ്തിരുന്ന വാർഡാണ്  മഞ്ഞോടി. ഈ  വാർഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത.്  കേസിൽ പ്രതിയായി ജയിലിൽ കഴിയവേ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ലിജേഷിന്റെ നഗരസഭാംഗത്വം നഷ്ടമായിരുന്നു. അതിനാൽ തന്നെ ബി.ജെ.പിയുടെ നഗരസഭാഗത്വം ഇപ്പോൾ ഹൈക്കോടതിയുടെ മുന്നിലാണ്. നേരത്തേ  കോൺഗ്രസായിരുന്നു ഈ വാർഡിൽ ജയിച്ച് വന്നിരുന്നത്.  സി.പി.എമ്മിന് അത്ര സ്വാധീനമുള്ള പ്രദേശമല്ല ഈ പ്രദേശം. ക്ഷേത്ര ഉൽസവത്തിന് എത്തുന്നവർക്ക് സ്വാഗതമോതി ഇത്തരത്തിൽ കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിൽ രാഷട്രീയമേധാവിത്വമുള്ളവർ ബോർഡ് ഉയർത്തുന്നത് പതിവാണ്. സംഘർഷ മേഖലകളിൽ പോലീസ് ഇത്തരത്തിൽ ബോർഡുകളോ കൊടിതോരണങ്ങളോ വെക്കരുതെന്ന് രാഷട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇതൊന്നും പാർട്ടി അണികൾ ചെവിക്കൊള്ളാറില്ല. ഇത് ഇടക്കിടെ സംഘർഷത്തിനും ഇടനൽകാറുണ്ട്. ഇപ്പോൾ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിന് രാജരാജ്യത്തിലേക്ക് സ്വാഗതമെന്ന കമാനം രാഷ്ട്രീയ പോരിനും തലശ്ശേരിയിൽ ആക്കം കൂട്ടി. സംഭവത്തിൽ പോലീസ് ഇടപെട്ട് ഇരു കൂട്ടരുടെയും വിവാദ ബോർഡുകൾ നീക്കം ചെയ്യണമെന്ന് ക്ഷേത്ര ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾ ആവശ്യപ്പെട്ടു. ക്ഷേത്ര ഉത്സവങ്ങൾ രാഷ്ട്രീയ വേദികളാക്കാനുള്ള ചിലതത്പരകക്ഷികളുടെ ഗുഢ നീക്കം തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.

Latest News