റിയാദ് - ഒരു ബില്യൺ (100 കോടി) ഡോളറും അതിൽ കൂടുതലും ചെലവഴിച്ച് നടപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒമ്പതു പദ്ധതികളിൽ രണ്ടെണ്ണം സൗദിയിൽ. ഇക്കൂട്ടത്തിൽ പെട്ട നാലു പദ്ധതികൾ ഗൾഫ് രാജ്യങ്ങളിലാണ് നടപ്പാക്കുന്നത്. ഐബിൽഡ്, ഇന്റർനാഷണൽ കൺസ്ട്രക്ഷൻ മാഗസിൻ, കൺസ്ട്രക്ഷൻ റിവ്യു എന്നിവയാണ് ഒരു ബില്യൺ ഡോളറും അതിൽ കൂടുതലും ചെലവഴിച്ച് ലോകത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ ഒമ്പതു പദ്ധതികൾ നിർണയിച്ചത്.
സൗദിയിൽ നിന്ന് പട്ടികയിൽ ആദ്യം ഇടംപിടിച്ചത് നിയോം സിറ്റി പദ്ധതിയാണ്. 500 കോടിയിലേറെ ഡോളർ (1.875 ട്രില്യൺ റിയാൽ) ചെലവഴിച്ച് നടപ്പാക്കുന്ന നിയോം സിറ്റി പദ്ധതി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയാണ്. സൗദിയിൽ നിന്ന് പട്ടികയിലുള്ള രണ്ടാമത്തെ പദ്ധതി കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയാണ്. 100 കോടി ഡോളർ (375 കോടി റിയാൽ) ചെലവഴിച്ചാണ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി പദ്ധതി നടപ്പാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പദ്ധതികളിൽ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി പദ്ധതി ആറാം സ്ഥാനത്താണ്.
250 ബില്യൺ ഡോളർ ചെലവഴിച്ച് നടപ്പാക്കുന്ന ഗൾഫ് റെയിൽവെ പദ്ധതി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പട്ടികയിൽ യു.എ.ഇയിൽ നിന്നുള്ള രണ്ടു പദ്ധതികൾ ഇടംപിടിച്ചിരിക്കുന്നു. അഞ്ചാം സ്ഥാനത്ത് സിൽക് സിറ്റി പദ്ധതിയും പത്താം സ്ഥാനത്ത് ദുബായ് ലാന്റ് പദ്ധതിയുമാണ്.