റിയാദ് - ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ മൂല്യം വീണ്ടും രണ്ടു ട്രില്യൺ ഡോളർ കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കമ്പനി മൂല്യം 7.62 ട്രില്യൺ റിയാൽ (2.03 ട്രില്യൺ ഡോളർ) ആണ്. തിങ്കളാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോൾ സൗദി അറാംകൊ ഓഹരി മൂല്യം 34.65 റിയാലായിരുന്നു. തിങ്കളാഴ്ച കമ്പനി ഓഹരി മൂല്യം ഒരുവേള 34.75 റിയാൽ വരെ എത്തിയിരുന്നു. എന്നാൽ ഇത് പിന്നീട് താഴേക്ക് പോയി.
സൗദി അറാംകൊയുടെ നാലു ശതമാനം ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള സനാബിൽ ഇൻവെസ്റ്റ് കമ്പനിയിലേക്ക് മാറ്റിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കമ്പനി ഓഹരികൾ മികച്ച നേട്ടം കൊയ്ത് വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളർ കവിഞ്ഞത്. സൗദി അറാംകൊ വിപണി മൂല്യം ഉയർന്നെങ്കിലും ഇത് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയിൽ സൗദി അറാംകൊയുടെ സ്ഥാനത്തിൽ മാറ്റമുണ്ടാക്കിയില്ല. വിപണി മൂല്യത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായി അറാംകൊ തുടർന്നു. 2.61 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള ആപ്പിൾ കമ്പനി ഒന്നാം സ്ഥാനത്തും 2.13 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തുമാണ്. 2022 ഫെബ്രുവരിയിൽ സൗദി അറാംകൊയുടെ നാലു ശതമാനം ഓഹരികൾ സൗദി ഗവൺമെന്റ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം അവസാന പാദത്തിൽ സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശത്തിൽ 14 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 346.6 ബില്യൺ റിയാലിന്റെ ഓഹരികളുണ്ട്. 2021 ഡിസംബറിനെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണിതെന്നും കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പറഞ്ഞു.