Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ട് പോയവര്‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിച്ചെന്നും മുഹമ്മദ് ഷാഫി

കോഴിക്കോട് - തട്ടിക്കൊണ്ട് പോയവര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ക്രിമിനല്‍ സംഘത്തിന്റെ തട്ടിക്കൊണ്ട് പോകലിന് ഇരയാക്കപ്പെട്ട താമരശ്ശേരിയിലെ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി മൊഴി നല്‍കി. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയതെന്നും ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിപ്പിച്ചതെന്നും ക്രിമിനല്‍ സംഘത്തിന്റെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കപ്പെട്ട മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തോട് പറഞ്ഞു. കൊടുവള്ളി സ്വദേശി സാലിയാണ് തന്നെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നും ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷം ഇന്നലെ രാത്രി പത്തരയോടെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാഫിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഏപ്രില്‍ ഏഴിനാണ് മുഹമ്മദ് ഷാഫിയെ കാറിലെത്തിയ നാലംഗ സംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്. പിടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പതിനൊന്നാം ദിവസം ഷാഫിയെ ക്രിമിനല്‍ സംഘം മോചിപ്പിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച ഷാഫിയെ മൈസൂരിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. ബന്ധുക്കള്‍ ഇവിടെയത്തി ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയാണ് ചെയ്തത്. വീട്ടിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഹമ്മദ് ഷാഫിയെ റൂറല്‍ എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.

 

 

Latest News