കോഴിക്കോട് - ചൂടിന്റെ കാഠിന്യം വലിയ തോതില്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഉഷ്ണ തരംഗമുണ്ടാകുമെന്ന് ആശങ്ക. ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് അന്തരീക്ഷ പഠനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. നാല്‍പത് ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. വേനല്‍ മഴ പരക്കെ ലഭിച്ചില്ലെങ്കില്‍ ചൂട് വളരെയധികം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴലിയും അറബിക്കടലില്‍ താപനില ക്രമാതീതമായി ഉയരുന്നതുമാണ് ചൂട് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. എതിര്‍ച്ചുഴലി കാരണം മേലെത്തട്ടില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് കാറ്റ് പ്രവഹിക്കുകയാണ് ചെയ്യുക സംസ്ഥാനത്ത് 6 ജില്ലകളില്‍ വേനല്‍ ചൂട് ഇനിയും കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് കോഴിക്കോട് കണ്ണൂര്‍ തൃശ്ശൂര്‍ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.
വേനല്‍ക്കാലത്തെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് നാലര ഡിഗ്രിയോ അതിന് മുകളിലോ ചൂട് വര്‍ധിച്ചാലാണ് ഉഷ്ണ തരംഗമുണ്ടാകുക. മൂന്നര ഡിഗ്രി വരെ അധിക ചൂടാണ് പല ജില്ലകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ചൂട് വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. കിണറുകളില്‍ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.