കോഴിക്കോട് - ഛർദ്ദിയെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകനും ചങ്ങരോത്ത് എ.യു.പി സ്‌കൂൾ വിദ്യാർത്ഥിയുമായ അഹമ്മദ് ഹസൻ റിഫായി(12)യാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കുട്ടി ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛർദ്ദിയുണ്ടായതിനെ തുടർന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും ശേഷം മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലർച്ചെ അസ്വസ്ഥതകൾ കൂടിയപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. മരണകാരണം ഐസ്‌ക്രീം കഴിച്ചതാണോ ഇനി മറ്റു വല്ലതുമാണോ എന്ന് ഇപ്പോൾ തീർത്തുപറയാനാവില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും മെഡിക്കൽ ഓഫിസർ പ്രതികരിച്ചു.
ആരോഗ്യ വകുപ്പ്, ഹെൽത്ത് ഇൻസ്‌പെക്ടർ, കൊയിലാണ്ടി പൊലീസ് സംഘം എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. ഐസ്‌ക്രീം വിറ്റ കട താലത്ക്കാലികമായി അടച്ച് സീൽ ചെയ്തിട്ടുണ്ട്.