മലപ്പുറം- പെരുന്നാള്‍ പ്രമാണിച്ചു വസ്ത്ര വിപണി സജീവമായി. പുതുവസ്ത്രങ്ങള്‍ വിപണിയില്‍ നിന്ന് ആളുകള്‍ വാങ്ങിക്കുന്ന തിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പകല്‍ അനുഭവപ്പെടുന്ന കനത്ത ചൂടിനെ തുടര്‍ന്ന് സന്ധ്യ ആകുന്നതോടെയാണ് തിരക്ക് കൂടി വരുന്നത്. റമദാന്‍ അവസാനവട്ടം ആയതോടെയാണ് നാടും നഗരവും പെരുന്നാള്‍ വിപണികള്‍ കൊണ്ടു സജീവമായത്. പെരുന്നാള്‍ ആഘോഷം ഹൃദ്യമാക്കാന്‍ വലിയ ഒരുക്കങ്ങളാണ് വിശ്വാസികള്‍ നടത്തുന്നത്. വസ്ത്ര വിപണിയില്‍ തന്നെയാണ് തിക്കുംതിരക്കും കൂടുതല്‍. പുതുതായി ഉദ്ഘാടനം ചെയ്ത തുണിക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍തോതിലാണ് വസ്ത്രവിപണിയിലെ വിലവര്‍ധനവ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായാണ് വസ്ത്രങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ക്കാണ് വിലയേറിയത്. പുതിയതരം മോഡലുകളില്‍ കൂടുതലും പെണ്‍കുട്ടികളുടെ വസ്ത്രങ്ങളില്‍ തന്നെയാണ്. ആണ്‍കുട്ടികളുടെ വസ്ത്രങ്ങളിലും കുറഞ്ഞതോതില്‍ മോഡല്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കൊച്ചുകുട്ടികളുടെ വസ്ത്രങ്ങള്‍ക്കും വന്‍ വില വര്‍ധനവാണുള്ളത്. മുതിര്‍ന്നവര്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങളിലാണ് അല്‍പമെങ്കിലും ആശ്വാസകരമായ വിലയില്‍ ലഭിക്കുന്നത്. ജനങ്ങള്‍ വസ്ത്രശാലകളില്‍ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ സ്ത്രീകള്‍ തന്നെയാണ് വസ്ത്രശാലകളില്‍ കൂടുതലുമായി എത്തുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വിവിധ സമ്മാന പദ്ധതികളും ഓഫറുകളും ഇഫ്താര്‍ സൗകര്യവും മിക്ക കടകളിലും ഒരുക്കിയിട്ടുണ്ട്. രാത്രികാല ഷോപ്പിംഗിനും ചില കടകളില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇഫ്താറും തറാവീഹ് നമസ്‌കാരവും കഴിഞ്ഞും ഇത്തരം ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്നത് പുരുഷന്‍മാര്‍ക്കും ആശ്വാസമാകുന്നുണ്ട്. വസ്ത്ര വിപണിക്ക് പുറമേ ചെരിപ്പ്, വിവിധതരം ഫാന്‍സി ആഭരണങ്ങള്‍, മൈലാഞ്ചി,
കളിക്കോപ്പുകള്‍ തുടങ്ങിയവയുടെ വിപണിയും സജീവമായിട്ടുണ്ട്.