Sorry, you need to enable JavaScript to visit this website.

കുറ്റവാളികളെ വെടിവെച്ച് കൊല്ലുന്നതു ഉന്മാദത്തോടെ നോക്കി നില്ക്കുന്ന താലിബാനികൾ ആകരുത്

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് ആണ് ആർട്ടിക്കിൾ 21.

' No person shall be deprived of his life and personal liberty except according to the procedure established by law’. എന്ന് കൃത്യമായി, സുവ്യക്തമായി ഭരണഘടന പറയുമ്പോൾ , അത് കേവല മൗലികാവകാശം മാത്രമല്ല, മറിച്ചു ജനാധിപത്യ സമൂഹത്തിൽ പൗരാവകാശത്തിന്റെ, നിയമവാഴ്ചയുടെ, മാഗ്നാകാർട്ട ആണെന്നാണ് നമ്മൾ മനസിലാക്കേണ്ടത്.

ഗോത്രനീതിയോ, ഖാപ്പ് പഞ്ചായത്തുകളോ, ഭൂരിപക്ഷ പൊതുബോധമോ അല്ല, നീതിനിർവഹണവും, ശിക്ഷയും നിർവചിക്കേണ്ടത്. ഏതു സാഹചര്യത്തിലായാലും, എത്ര കൊടും കുറ്റവാളി ആയാലും, ശിക്ഷ , നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമായിരിക്കണം: അതായത് , Procedure established by Law.

ഇന്ന് നാം ഈ ഭരണഘടനാ വിരുദ്ധതയെ വൈകാരികതയുടെ പേരിൽ പിന്തുണച്ച് കൈയടിച്ചാൽ, നാളെ വലിയ വില കൊടുക്കേണ്ടിവരും. ആൾക്കൂട്ട കൊലകളും, പൊലീസ്കൊലകളും, സാധാരണ കീഴ് വഴക്കമാകും. നമ്മുടെ പൂർവികർ ജീവനും ജീവിതവും അർപ്പിച്ചു ഉണ്ടാക്കിയെടുത്ത ഭരണഘടനയും, സ്ഥാപനങ്ങളും ആണ് ഈ നാടിനെ ഇന്നും താങ്ങിനിർത്തുന്നത്. അല്ലാതെ പ്രതികാരക്കൊലകൾ അല്ല. നിയമവാഴ്ച തകരുമ്പോൾ, കുമിള പോലെ പൊടിഞ്ഞു പോകുന്നത് പൗരനെന്ന നിലക്കുള്ള നമ്മുടെ അവകാശങ്ങൾ തന്നെയാണ്. യുപിയിൽ നടന്ന 'ഈ അസംബന്ധ നാടകം' ഇങ്ങേ അറ്റത്തുള്ള കേരളത്തിൽപ്പോലും ആൾക്കൂട്ടകോടതിയെ 'ലെജിറ്റിമൈസ്‌' ചെയ്യുന്ന പൊതുബോധം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയാണ് അപകടവും. സ്വകാര്യവ്യക്തികളും, ജനക്കൂട്ടവും, പോലീസും ഒരിക്കലും സ്വയം 'പരമാധികാര റിപ്പബ്ലിക് ' ആകരുത്. നിയമവാഴ്ചയുടെ തകർച്ചയിലേക്ക് ആണ് അത് നയിക്കുന്നത്.

ഓർക്കണം, രാഷ്ട്രപിതാവിന് നേർക്ക് വെടിയുണ്ട ഉതിർത്തവരെ ഇന്ത്യയിലെ കോടതിയാണ് ശിക്ഷിച്ചത്, ജനക്കൂട്ടമല്ല. പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ നാഥൂറാം ഗോഡ്‌സെയും നാരായൺ ആപ്തെയും കൊല്ലപെട്ടാലും ഇന്ത്യയിൽ ഒരാളും പരാതി പറയില്ലായിരുന്നു. പക്ഷെ, അവരെ ശിക്ഷിച്ചത് നിയമവ്യവസ്ഥയാണ്.

കുറ്റവാളികൾ രാഷ്ട്രീയസ്വാധീനം മൂലം രക്ഷപ്പെടുന്നുണ്ടെങ്കിൽ നമ്മൾ സമരം ചെയ്യേണ്ടത് ജുഡീഷ്യൽ നവീകരണത്തിന് വേണ്ടിയാണ് ...രാഷ്ട്രീയപാർട്ടികളും കൊടുംക്രിമിനലുകളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഈ ക്രിമിനലുകളെയൊക്കെ ജനപ്രതിനിധിയാക്കിയ സമാജ് വാദി പാർട്ടിയൊക്കെ എന്ത് തരം 'സമാജ്‌ ' ആണ് സ്വപ്നം കാണുന്നത് എന്ന് ആർജ്ജവത്തോടെ ചോദ്യം ചെയ്യാനാണ്.എത്രയും പെട്ടെന്ന് നീതി നടപ്പാക്കി കുറ്റവാളികളെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ്. അല്ലാതെ കുറ്റവാളികളെ വെടി വെച്ച് കൊല്ലുന്നതു ഉന്മാദത്തോടെ നോക്കി നില്ക്കുന്ന താലിബാനികൾ ആകരുത്, ഇവിടുത്തെ സിവിൽ സമൂഹം.

Latest News