Sorry, you need to enable JavaScript to visit this website.

ഇസ്ലാമിക രാജ്യങ്ങൾക്ക് എതിരായ പ്രസ്താവന ആലഞ്ചേരി പിൻവലിക്കാൻ കാരണം അറബ് ലോകത്തിന്റെ പ്രതിഷേധം

ദുബായ്- മുസ്ലിം രാജ്യങ്ങളിൽ ഇതരവിഭാഗങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവന ഇറക്കിയത്. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന വന്നത്. ബി.ജെ.പിക്ക് കീഴിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുമെന്ന് മുസ്ലിംകൾക്ക് തോന്നാൻ കാരണം ഇസ്ലാമിക രാജ്യങ്ങളിൽ ഇതരവിഭാഗങ്ങളോട് സ്വീകരിക്കുന്ന സമീപനത്തിന്റെ പേരിലാകും എന്നായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന. എന്നാൽ ഇതിനെതിരെ അറബ് ലോകങ്ങളിലെ ക്രിസ്ത്യൻ ജനവിഭാഗങ്ങളിൽനിന്നടക്കം ഉയർന്ന ശക്തമായ പ്രതിഷേധത്തിന് മുന്നിൽ ആലഞ്ചേരിക്ക് വഴങ്ങേണ്ടി വന്നു. ആലഞ്ചേരി പ്രസ്താവന പിൻവലിച്ചെങ്കിലും അറബ് മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ നൽകുന്നുണ്ട്. 
ഇസ്്‌ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ പ്രസ്താവന ഇറക്കി.  ഗൾഫ് രാജ്യങ്ങളിൽ െ്രെകസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നും കർദിനാൾ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളത്. മുസ്ലിം രാജ്യങ്ങളിലുള്ള ആരാധനാസ്വാതന്ത്യത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ താൻ ഉദ്ദേശിക്കാത്ത രീതിയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതു നിർഭാഗ്യകരമാണ്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതിൽ അതീവ ദുഃഖം രേഖപെടുത്തുന്നു. യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സാഹോദര്യത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് തുടരുമെന്നുമായിരുന്നു പുതിയ പ്രസ്താവന.
ആലഞ്ചേരിയുടെ പഴയ പ്രസ്താവനക്ക് എതിരെ അറബ് മാധ്യമങ്ങളടക്കം രംഗത്തെത്തിയിരുന്നു. നിരവധി അറബ് രാജ്യങ്ങലിൽ ഇതരവിഭാഗങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം പൂർണതോതിലുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അക്രമത്തിനും വിവേചനത്തിനും ഇരയാകുന്നു എന്നായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന. ചില അറബ് മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് പുറമെ, ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യൻ മതവിശ്വാസികളും ഇതിനെതിരെ രംഗത്തെത്തി. ഇതേ തുടർന്നാണ് ആലഞ്ചേരി പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസമാണ് മോഡിയെയും ബി.ജെ.പിയെയും പുകഴ്ത്തി പറയുന്നതിന്റെ ഭാഗമായി മുസ്ലിം രാജ്യങ്ങളിൽ ഇതരസമൂഹങ്ങളെ അടിച്ചമർത്തുന്നുണ്ടെന്ന് മാർ ആലഞ്ചേരി വ്യക്തമാക്കിയത്. ബി.ജെ.പി സർക്കാർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകില്ലെന്ന ചിന്ത ഏതടിസ്ഥാനത്തിലാണ് ചിലർ പങ്കുവെക്കുന്നതെന്ന് അറിയില്ലെന്നും െ്രെകസ്തവ സമൂഹത്തിന് ഇത്തരം ഭീതിയുടെ ആവശ്യമേയില്ലെന്നും വ്യക്തമാക്കിയ ശേഷം മുസ്‌ലിംകളിൽ ചിലർക്ക് അത്തരത്തിൽ ഭീതിയുണ്ടാകാൻ കാരണം ഇസ്‌ലാമിക രാജ്യങ്ങളിൽ ഇതര സമൂഹങ്ങളെ അടിച്ചമർത്തുന്നത് അവർക്കറിയുന്നത് കൊണ്ടായിരിക്കുമെന്നുമാണ് ആലഞ്ചേരി പറഞ്ഞത്. ആലഞ്ചേരിയുടെ പ്രസ്താവന ചില അറബ് മാധ്യമങ്ങൾ വാർത്തയാക്കുകയും അറബ് ലോകത്ത് ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്.
കർദിനാളിന്റെ പ്രസ്താവനക്ക് എതിരെ ഗൾഫിലെ മലയാളി സമൂഹവും പ്രതിഷേധത്തിലാണ്. കേരളത്തിൽ വിവിധ മതക്കാർ ഇന്നുള്ളതിലും ഐക്യത്തിലും പരസ്പര സഹായത്തിലും കഴിയുന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശ പൗരന്മാരെയും സ്വദേശികളെയും ഒരുപോലെ അപമാനിക്കുകയാണ് കർദ്ദിനാൾ ചെയ്തിരിക്കുന്നതെന്നാണ് പൊതുവികാരം. കർദ്ദിനാൾ ബി.ജെ.പിയുടെ പ്രീതി കിട്ടാൻ മുസ്ലിം രാജ്യങ്ങളെ കുറിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്.
ഇന്ത്യയിലെ മുസ്ലിംകൾ ബി.ജെ.പി ഭരണത്തിൽ അസ്വസ്ഥരാവുന്നത് ജീവിക്കാനും മതം അനുഷ്ടിക്കാനുമുള്ള അവകാശങ്ങൾക്ക് ഭീഷണി നേരിടുന്നതിനാലാണ്. കർദ്ദിനാൾ പറയുന്നത് മുസ്ലീം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതി. അതേ രീതിയിൽ ഹിന്ദുക്കൾ മുസ്ലീംങ്ങളെ തുരത്തുമെന്ന് മുസ്ലിംകൾ പേടിക്കുന്നു എന്നാണ്. തീർത്തും അപലപനീയമായ പ്രസ്താവനയാണിത്. രാജ്യത്തെ വിവിധ മത വിഭാഗങ്ങളെ പരസ്പരം ശത്രുക്കളായി അവതരിപ്പിക്കുന്നു എന്നതാണ് കർദ്ദിനാൾ പറഞ്ഞതിലെ അപരാധം. അത് സംഘ് പരിവാറിന്റെ അജണ്ടയാണ്. എന്നാൽ അതിലേറെ അപകടകരമാണ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വെറുപ്പ് കയറ്റി അളക്കാനുള്ള കർദ്ദിനാളിന്റെ ശ്രമം. സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന പ്രവാസികളെ കൂടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചർച്ചകളിലേക്ക് മതമേലധ്യക്ഷന്മാർ വലിച്ചിഴക്കുന്നത് ഖേദകരമാണ്. ഇത്തരം വെറുപ്പിന്റെ പ്രചാരകരെ തുരത്താൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രവാസി സംഘടനയായ കെ.എം.സി.സി ഭാരവാഹികൾ വ്യക്തമാക്കി.
 

Latest News