കോട്ടയം - കേരളത്തിൽ കെട്ടിട നിർമാണ ചെലവിൽ 30 ശതമാനത്തോളം വർധന. ഏപ്രിൽ ഒന്നു മുതൽ വന്ന നികുതി വർധനയും ക്വാറി ഉത്പന്നങ്ങളുടെ വൻ വിലക്കയറ്റവും സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചതു വൻ തിരിച്ചടിയായി. സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം നിർമ്മാണ സാമഗ്രികളുടെ വില താങ്ങാവുന്നതിലും അപ്പുറത്തേക്ക് വർധിച്ചത്. ക്വാറികൾക്ക് റോയൽറ്റി ഫീസ് സർക്കാർ വർദ്ധിപ്പിച്ചതിന്റെ പേരിൽ ആണ് ക്വാറി ഉടമകളുടെ സംഘം അവർക്കു തോന്നുവിധം വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് നിർമ്മാണ മേഖലയിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടന യായ ലെൻസ്‌ഫെഡ് ആവശ്യപ്പെട്ടു.
കരിങ്കൽ, എംസാന്റ്, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവയ്ക്ക് ഒരു യൂണിറ്റിന് 400 മുതൽ 800 രൂപ വരെ വിലകയറ്റി ക്വാറി ഉടമ സംഘം നോട്ടീസ് ഇറക്കി. സിമന്റ് സ്റ്റീൽ എന്നിവയുടെ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്ന നിർമ്മാണ മേഖലയ്ക്ക് ഇതു താങ്ങാൻ കഴിയില്ല. ഇതു മൂലം നിർമ്മാണ മേഖലയിൽ സ്വകാര്യ നിക്ഷേപം കുറയുകയുമാണ്. നേരത്തെ തമിഴ്‌നാട്ടിൽ നിന്നും അവിടത്തെ ജിയോളജിക്കൽ പാസും, ജി.എസ്ടി യും അടച്ചു ഇവിടെ ലഭിക്കുന്നതിനെക്കാൾ വില കുറഞ്ഞ ഉത്പന്നങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഇവിടത്തെ ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമായി അവിടെ നിന്നുള്ള ക്വാറി ഉത്പന്നങ്ങളുടെ വരവ് നിലച്ചു. ഇവിടെ നിന്നും നിർമാണ വസ്തുക്കൾ അങ്ങോട്ടു പോവുകയും ചെയ്യുന്നു. തമിഴ് നാട്ടിലേക്ക് ക്രഷർ ഉൽപന്നങ്ങൾ കൊണ്ട് പോകുന്നതിനുള്ള സൗകര്യം ലഭിക്കുക വഴി ഇവിടെ ഇക്കൂട്ടർക്ക് എന്തും തീരുമാനിക്കാമെന്ന സാഹചര്യമാണ് ഉള്ളത്. ഇവിടെ നിന്നുള്ള പ്രകൃതി വിഭവങ്ങൾ അയൽ സംസ്ഥാനത്തേക്ക് കൊണ്ടുപോവുന്നത് തടയുന്ന നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ നിന്നും നിർമ്മാണ സാമഗ്രികൾ മതിയായ രേഖകൾ സഹിതം കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല എന്ന് സർക്കാർ പ്രഖ്യാപിക്കണം. ചെറുകിട ക്വാറികളുടെ ലൈസൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപ്പെട്ടു കൊണ്ട് പ്രവർത്തനാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം.
സംസ്ഥാനത്തെ നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് ക്വാറി ട്രഷറർ ഉടമസ്ഥരുടെ തീവെട്ടികൊള്ളയ്ക്ക് തടയിടുന്നതിനും പ്രാദേശിക പ്രകൃതി വിഭവങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഒരു ജില്ലാതലവില നിർണയ സമിതി ഉണ്ടാവണം. ഇതിന് പുറമെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പത്തു മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പത്തിരട്ടിയായി വർധിപ്പിച്ചത്. പഞ്ചായത്തുകളിൽ 100 ചതുരശ്രമീറ്റർ വീടിന് 350 രൂപ അടച്ചിരുന്നത് 5000 രൂപ ആയി വർധിപ്പിച്ചിരിക്കുകയാണ്. അതായത് 14 ഇരട്ടിയലധികം വർദ്ധനവുണ്ടായി. 400 ചതുരശ്രമീറ്റർ വീട് നിർമ്മിക്കാൻ 2800 രൂപ അടച്ചിരുന്നത് 60000 രൂപ അടക്കണം.അതായത് 21 ഇരട്ടിയാണ് വർധിപ്പിച്ചത്. മുനിസിപാലിറ്റികളിലും കോർപ്പറേഷനുകളിലും ഇതിനേക്കാൾ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് പൊതു സമൂഹത്തിന് താങ്ങാനാവാത്ത വർധനയാണ്.
നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്; കേരളത്തിൽ ക്വാറി, ക്രഷർ സമരം പൂർണ്ണം
കൊച്ചി-ക്വാറി, ക്രഷർ സംഘടനകളുടെ കോ ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിൽ കേരളത്തിലെ ക്വാറി ക്രഷർ മേഖല സ്തംഭിച്ചു. സമരം നീണ്ടു പോയാൽ കേരളത്തിലെ നിർമാണ മേഖല നിശ്ചലമാകും. രണ്ടു ദിവസത്തിനകം ഹൈവേ വർക്ക് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലയ്ക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നു വരുന്ന ലോറികൾ ചെക്ക് പോസ്റ്റുകളിൽ സമരാനുകൂലികൾ തടഞ്ഞിട്ടിരിക്കുകയാണ്.
സർക്കാരിന്റെ പുതിയ ക്വാറി നയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കുന്നതിന് നടപടി സ്വീകരിക്കുക. എൻ.ജി.ടി യിലെ ദൂര പരിധി കേസിൽ നിലവിലുള്ള മാനദണ്ഡങ്ങൾ നിലനിർത്താൻ നടപടി സ്വീകരിക്കുക, സർക്കാർ ഭൂമിയിലെ ഖനനാനുവാദം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്വാറി, ക്രഷർ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി ഇന്നലെ രാവിലെ മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചത്. സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമാണെന്ന് ജനറൽ കൺവീനർ എം.കെ.ബാബു പറഞ്ഞു. തിരുവനന്തപുരം കളിയാക്ക വിള, വിഴിഞ്ഞം പൂവാർ, കള്ളിക്കാട്, അമരവിള, നെട്ട ചെക്ക്‌പോസ്റ്റുകൾ, കൊല്ലം ആര്യങ്കാവ്, വാളയാർ, ഗോവിന്ദപുരം ചെക്ക്‌പോസ്റ്റുകൾ, മുത്തങ്ങ ചെക്ക്‌പോസ്റ്റ്, കാസർകോഡ് മഞ്ചേശ്വരം എന്നീ ചെക്ക്‌പോസ്റ്റുകളിൽ അന്യ സംസ്ഥാനത്തുനിന്നും വന്ന ടിപ്പർ, ടോറസ്സ് വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കോഴിക്കോട്ടെ അദാനിയുടെ ക്രഷർ നാളെ ക്വാറി, ക്രഷർ ഉടമകൾ കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കും. നാളെ മുതൽ സമരം ശക്തമാക്കുമെന്ന് സംസ്ഥാന ക്വാറി, ക്രഷർ കോ ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.കെ.ബാബു, ചെയർമാൻ എ.എം യൂസഫ് എന്നിവർ പറഞ്ഞു.