Sorry, you need to enable JavaScript to visit this website.

സലാഹ് ഗോളടിച്ചിട്ടും രക്ഷയില്ല, ഈജിപ്ത് പുറത്തേക്ക്

 

  • റഷ്യ 3-ഈജിപ്ത് 1

സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - സൗദി അറേബ്യക്കു പിന്നാലെ ഈജിപ്ത് വലയിലും ഗോൾവർഷം നടത്തി ആതിഥേയരായ റഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാർട്ടറിലേക്ക്. ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിക്കു ശേഷമാണ് ഫറോവമാർ അരങ്ങുവാണ ഗാലറിയെ നിശ്ശബ്ദമാക്കി ആതിഥേയർ തുടരെ മൂന്നു തവണ നിറയൊഴിച്ചത്. തുടർന്നും ഈജിപ്ത് ആക്രമിച്ചെങ്കിലും റഷ്യ ലീഡ് കാത്തു. പരിക്ക് ഭേദമായി മുഹമ്മദ് സലാഹ് ഇറങ്ങിയത് ഈജിപ്തിന് ആവേശം പകർന്നതായിരുന്നു. രണ്ടാം പകുതിയിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി സലാഹ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. എങ്കിലും ആതിഥേയർ ആധികാരിക വിജയം പൂർത്തിയാക്കി. 
ഇരു ടീമുകളും തുറന്ന ആക്രമണം നടത്തിയ ആദ്യ പകുതിയിൽ രണ്ടു തവണ ഈജിപ്ത് ഗോളിന് അടുത്തെത്തി. മികച്ച അവസരം കിട്ടിയത് ഇടവേളക്ക് അൽപം മുമ്പ് സലാഹിനായിരുന്നു. മർവാൻ മുഹ്‌സിൻ സമർഥമായി ഒഴിഞ്ഞുകൊടുത്ത പന്ത് ബോക്‌സിൽ സലാഹിന് കിട്ടുമ്പോൾ ഗോളിലേക്ക് തുറന്ന വഴിയായിരുന്നു. എന്നാൽ സലാഹിന് ആദ്യ ടച്ചിൽ പിഴച്ചു. വെട്ടിത്തിരിഞ്ഞ് ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 
ഇരു ടീമുകളും അതിവേഗം ആക്രമിച്ചു കയറിയപ്പോൾ ആവേശകരമായിരുന്നു തുടക്കം. സലാഹിലായിരുന്നു എല്ലാ ശ്രദ്ധയുമെങ്കിലും ഈജിപ്തിന്റെ സുസംഘടിതമായ പ്രതിരോധമാണ് ആദ്യ നിമിഷങ്ങളിൽ കണ്ടത്. ക്രമേണ അവരും ആക്രമണത്തിലേക്ക് തിരിഞ്ഞു. ഇരുവശത്തേക്കും പന്ത് കയറിയിറങ്ങി. സലാഹ് കളിച്ച വലതു വിംഗിലേക്ക് ഈജിപ്ത് കളിക്കാർ നിരന്തരം പന്തുയർത്തിയെങ്കിലും കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. ഡെനിസ് ചെറിഷേവിന്റെ ഷോട്ട് ഈജിപ്ത് ക്രോസ്ബാറിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഉയർന്നു. മഹ്മൂദ് ഹസൻ റഷ്യൻ ഗോൾമുഖവും വിറപ്പിച്ചു. 
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിതമായി ഈജിപ്ത് ഗോൾ വഴങ്ങി. ആർതെം സ്യൂബയെ ബോക്‌സിൽ പ്രതിരോധിക്കാൻ ശ്രമിക്കവേ ഡിഫന്റർ അഹ്മദ് ഫത്ഹിയുടെ കാലിൽ തട്ടി പന്ത് ഗോൾവര കടന്നു. ഇന്നലെ രണ്ടാമത്തെ സെൽഫ് ഗോളായിരുന്നു ഇത്. ഗോൾ വീണതോടെ ഈജിപ്ത് ഇരമ്പിക്കയറി. ബോക്‌സിൽ നിന്നുള്ള സലാഹിന്റെ ഷോട്ട് ഡിഫന്ററുടെ കാലിൽ തട്ടിത്തെറിച്ചു. പ്രത്യാക്രമണങ്ങളിൽ റഷ്യയും ഗോൾ മണം പരത്തിയതോടെ ഗാലറി ശബ്ദമുഖരിതമായി. അമ്പത്തൊമ്പതാം മിനിറ്റിൽ ഈജിപ്ത് പ്രതിരോധം മാർക്കിംഗിൽ അൽപം അലംഭാവം പുലർത്തിയത് മുതലെടുത്ത് ചെറിഷേവ് റഷ്യയുടെ ലീഡുയർത്തി. അറുപത്തിരണ്ടാം മിനിറ്റിൽ അതേ രീതിയിൽ ആർതെം സ്യൂബയും വല കുലുക്കിയതോടെ ഈജിപ്തിന് തിരിച്ചുവരവ് അസാധ്യമായി. എങ്കിലും അവർ വിട്ടുകൊടുത്തില്ല. ട്രസഗ്വെയുടെയും സലാഹിന്റെയും ഷോട്ടുകൾ തല നാരിഴക്കാണ് പിഴച്ചത്. 18 മിനിറ്റ് ശേഷിക്കേ സലാഹ് പെനാൽട്ടിയിലൂടെ ഈ ലോകകപ്പിലെ ഈജിപ്തിന്റെ ആദ്യ ഗോൾ കണ്ടെത്തി. 
സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയ ഈജിപ്തുകാർ ആതിഥേയരായ റഷ്യക്കാരെ ശബ്ദത്തിൽ മുക്കി. ഈജിപ്തിന് ഹോം മത്സരം കളിക്കുന്ന പ്രതീതിയായിരുന്നു. 
അതിനിടെ, ഇംഗ്ലണ്ടിനെതിരായ 1-2 തോൽവിയിൽ പരിക്കേറ്റ തുനീഷ്യയുടെ ഗോളി മുഇസ് ഹസന് ലോകകപ്പിൽ ഇനി കളിക്കാനാവില്ല. പതിനൊന്നാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോൾ ശ്രമം സാഹസികമായി തടുത്തപ്പോഴാണ് മുഇസ്സിന് പരിക്കേറ്റത്. അപ്പോൾ തന്നെ കണ്ണീരോടെ കളം വിട്ടു. പകരം ഫാറൂബ് ബിൻമുസ്തഫയാണ് ഗോൾവല കാത്തത്. 

 

Latest News