Sorry, you need to enable JavaScript to visit this website.

കട്ടിപ്പാറ ഉരുൾപൊട്ടൽ: നഷ്ടപരിഹാരം തുഛം; പ്രതിഷേധവുമായി ഇരകൾ

കോഴിക്കോട് - കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ എല്ലാം തകർന്നവരെ ഗവൺമെന്റിന്റെ നഷ്ടപരിഹാര പ്രഖ്യാപനം കൂടുതൽ നിരാശരാക്കി. സാധാരണ കാലവർഷക്കെടുതിയിലുണ്ടായതു പോലുള്ള നഷ്ടപരിഹാരമാണ് സർക്കാർ പ്രഖ്യാപിച്ചതെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നത്. മരണപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം, ഭൂമി നഷ്ടമായവർക്ക് ആറു ലക്ഷം എന്നിങ്ങനെയാണ് പ്രത്യേക മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചത്.
എന്നാൽ ഈ ചെറിയ നഷ്ടപരിഹാരം കൊണ്ട് ഒന്നും  ബാക്കിയില്ലാതെ തകർന്നടിഞ്ഞ കുടുംബങ്ങൾ എങ്ങനെ വീണ്ടും പൂർവ്വസ്ഥിതിയിലെത്തുമെന്നത് ചോദ്യചിഹ്നമാകുകയാണ്. ദ്രുതഗതിയിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ, പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞപ്പോൾ പ്രദേശവാസികളെല്ലാം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്ന രീതിയിലുള്ളതായിരുന്നു സർക്കാറിന്റെ ഭാഗത്തു നിന്നുള്ള തീരുമാനമെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നത്.
സംസ്ഥാനത്ത് നടന്നതിൽ ഭീകരമായ ഒരു ഉരുൾപൊട്ടലായി കരിഞ്ചോല മലയിലെ വെട്ടിഒഴിഞ്ഞ തോട്ടത്തിലേതിനെ കാണാൻ സർക്കാർ തയാറായിട്ടില്ലെന്ന ആക്ഷേപം വ്യാപകമായി. കൂടാതെ 50 ഏക്കറോളം കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് പഞ്ചായത്തും റവന്യൂ വകുപ്പും കണക്കാക്കിയത്. ഇവർക്ക് സർക്കാർ മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രം നൽകിയാൽ ഒരിക്കലും തങ്ങളുടെ ദുരിതത്തിൽനിന്ന് കരകയറാൻ പറ്റില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ ഭാഗികമായി വീടും തകർന്നവർ അനേകം പേരുണ്ട്. ഇവർക്ക് എന്തു നഷ്ടപരിഹാരം നൽകുമെന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇതുപോലെ പരിക്കു പറ്റിയവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് സർക്കാർ പറയാത്തതിനാൽ ഇത്തരക്കാരും കടുത്ത ആശങ്കയിലും നിരാശയിലുമാണ്.
ഇതു കൂടാതെ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്‌കൂളുകൾ വരും ദിവസങ്ങളിൽ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ പകരം സംവിധാനത്തെപ്പറ്റി വ്യക്തമായ മാനദണ്ഡങ്ങളായിട്ടില്ല. വീടുകൾക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണി  നിലനിൽക്കുന്നതിനാൽ മാറ്റിത്താമസിപ്പിച്ച അനേകം കുടുംബങ്ങളോട് തിരിച്ചുപോകാൻ പറയുമോ എന്നതിനെപ്പറ്റിയും വ്യക്തതയില്ല.  കഴിഞ്ഞ ദിവസം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിൽ സർവകക്ഷി യോഗം നടന്നപ്പോൾ ഒരു കൂട്ടമാളുകൾ എം.എൽ.എക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തമാകാനാണ് സാധ്യത. 

 

Latest News