കോഴിക്കോട്- പരീക്ഷണ ഓട്ടത്തില്‍ ആറ് മണിക്കൂറെടുത്ത് വന്ദേഭാരത് കോഴിക്കോട്ടെത്തി. രാവിലെ 11.20ന് കോഴിക്കോട് വിട്ട വണ്ടി 12ന് കണ്ണൂരിലെത്തുമെന്നാണ് കരുതുന്നത്. വന്‍വരവേല്‍പ്പാണ് കോഴിക്കോട്ട് ട്രെയിനിന് ലഭിച്ചത്. കണ്ണൂരില്‍ നിന്ന് ഉടന്‍ തിരിച്ച് തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ തുടങ്ങി.
തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10 ന് തുടങ്ങി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. 5.10 തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ട്.
7.25-ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് ട്രയല്‍റണ്ണില്‍ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം കോട്ടയം യാത്രയ്ക്കെടുത്തത്. കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്‌സ്പ്രസ് 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം എറണാകുളം യാത്രയ്‌ക്കെടുത്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാര്‍ കയറി. വന്ദേഭാരതിന്റെ യാത്ര തുടര്‍ന്നു.
9.37 ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. ഒരു മിനിറ്റ് മാത്രം തൃശ്ശൂരില്‍ നിര്‍ത്തിയ ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് യാത്രതിരിച്ചു. 4 മണിക്കൂര്‍ 20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താന്‍ എടുത്തത്.
ഇപ്പോള്‍ പ്രഖ്യാപിച്ചതിന് പുറമേ കായംകുളം, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ എന്നീ സ്റ്റോപ്പുകള്‍ കൂടി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഇറങ്ങാന്‍ തലശ്ശേരിയില്‍ കൂടി സ്റ്റോപ്പ് വേണമെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്.