ന്യൂദല്‍ഹി - അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് കനത്ത തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നതിനാല്‍ ഇതില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇടുക്കിയില്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറിയ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നായാരുന്നു കേരളം ആവശ്യപ്പെട്ടത്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരെ പറമ്പിക്കുളം പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇതിന് സുപ്രീം കോടതി വഴി പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ആനയെ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യമാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കാനിരുന്നത്. ജനവാസ മേഖലയുടെ അടുത്തുള്ള വനപ്രദേശത്തേക്ക് മാറ്റുന്നത് സാധ്യമായ കാര്യമല്ലെന്നും എവിടേക്ക് മാറ്റിയാലും കടുത്ത എതിര്‍പ്പുണ്ടാകുമെന്നും സപ്രീം കോടതിയെ അറിയിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.