Sorry, you need to enable JavaScript to visit this website.

അറസ്റ്റുകള്‍ തുടരെ നടക്കുന്നു, മുഹമ്മദ് ഷാഫിയെ മാത്രം കണ്ടെത്താനാകുന്നില്ല

കോഴിക്കോട് - താമരശ്ശേരിയിലെ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേരുടെ അറസ്റ്റ് കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുു പോയ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്തു നല്‍കുകയും തട്ടിക്കൊണ്ടു പോകലിന് മുന്‍പ് പരപ്പന്‍ പൊയിലില്‍  എത്തി നിരീക്ഷണം നടത്തുകയും ചെയ്ത നാലംഗ സംഘമാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഹൂസൈനാണ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയത്. മറ്റു മൂന്ന് പേരും തട്ടിക്കൊണ്ടു പോകലിന് രണ്ടാഴ്ച മുന്‍പ് കാറില്‍ പരപ്പന്‍ പൊയിലില്‍ എത്തി നീരീക്ഷണം നടത്തിയിരുന്നവരാണ്.
കേസില്‍ അറസ്റ്റുകള്‍ തുടരെ നടക്കുന്നുണ്ടെങ്കിലും മുഹമ്മദ് ഷാഫി എവിടെയാണെന്ന കാര്യത്തില്‍ യാതൊരു വിവരവും അന്വേഷണ സംഘത്തിനില്ല. ഏപ്രില്‍ ഏഴിനാണ് മുഹമ്മദ് ഷാഫിയെ ക്രിമില്‍ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് പതിനൊന്ന് ദിവസമായിട്ടും കേരളത്തിനോട് ചേര്‍ന്നുള്ള കര്‍ണ്ണാടക അതിര്‍ത്തിയില്‍ എവിടെയൊ ഉള്ള രഹസ്യ കേന്ദ്രത്തില്‍ മുഹമ്മദ് ഷാഫിയെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന നിഗമനം മാത്രമാണ് അന്വേഷണ സംഘത്തിന് ഉള്ളത്. ഇതിനിടെ അധോലോക നായകന്‍ രവി പൂജാരിയുടെ  സംഘത്തിലെ പ്രധാനിയായ മോനായി എന്ന നിസാം സലീമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നിസാം സലീമിനെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും അതിലും പുരോഗതിയുണ്ടായിട്ടില്ല.  കഴിഞ്ഞ ദിവസം പുറത്ത് വന്ന ഷാഫിയുടെ രണ്ട് വീഡിയോകള്‍ എങ്ങനെയാണ് ഒരു ടെലിവിഷന്‍ ചാനലില്‍ എത്തിയതെന്ന കാര്യവും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗദി രാജകുടുംബത്തിന്റെ 325 കിലോഗ്രാം സ്വര്‍ണം താനും സഹോദരനും ചേര്‍ന്ന് മോഷ്ടിച്ചു കടത്തിയെന്നും അതിന്റെ വിഹിതം നല്‍കാത്തതിനാലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും മുഹമ്മദ് ഷാഫി ക്രിമിനല്‍ സംഘത്തിന്റെ കസ്റ്റഡിയില്‍ നിന്നു കൊണ്ട് വീഡിയോയില്‍ പറഞ്ഞിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കാസര്‍കോഡ് നിന്ന് കണ്ടെത്തിയിരുന്നു. ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരിപ്പൂരില്‍ കണ്ടെടുക്കുകയുമുണ്ടായി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. 

 

Latest News