കരിപ്പൂർ- കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് രണ്ട് യാത്രികരിൽ നിന്നായി 90 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശി കോളകാട്ടിൽ ഉമ്മർ ഫറൂഖിൽ (43) നിന്നും 638 ഗ്രാം, വയനാട് പരിയാരം സ്വദേശിയായ അറക്കൽ റഹ്മത്തുല്ലയിൽ (41) നിന്നും 1066 ഗ്രാം സ്വർണമിശ്രിതമവുമാണ് പിടിച്ചത്. ഉമ്മർ ഫറൂഖ് ജിദ്ദയിൽ നിന്നും റഹ്മത്തുല്ല റിയാദിൽ നിന്നുമാണ് കരിപ്പൂരിലെത്തിയത്. ഫറൂഖിന് 50,000 രൂപയും റഹ്മത്തുല്ലക്ക് 70,000 രൂപയുമാണ് സ്വർണം കടത്തുന്നതിനായി വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു സംഭവത്തിൽ 32 ലക്ഷത്തിന്റെ സ്വർണം പിടികൂടി. നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോനയിലാണ് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രികനിൽ നിന്നും സ്വർണം പിടിച്ചത്. മുംബൈയിൽ നിന്നുളള എയർഇന്ത്യ വിമാനത്തിലെത്തിയ റഊഫ് അലി (32)യിൽ നിന്നാണ് 600 ഗ്രാം സ്വർണം പിടിച്ചത്?. ഇയാൾ റിയാദിൽ നിന്നാണ് മുംബൈയിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് യാത്രികൻ കരിപ്പൂരിലെത്തിയതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് എമർജൻസി ലൈറ്റിനുളളിൽ നിന്നും സ്വർണം പിടികൂടിയത്.