Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമ ലംഘനം എളുപ്പത്തിൽ  കണ്ടെത്താൻ സംവിധാനം വരുന്നു

ആലപ്പുഴ- ഗതാഗത നിയമ ലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ജി.പി.എസ് സംവിധാനം വഴി കംപ്യൂട്ടർവൽക്കൃത വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലാ പോലീസിന്റെ ഗതാഗത സുരക്ഷാ ബോധവൽക്കരണ പദ്ധതി ശുഭയാത്ര- 2018 എസ്.ഡി വി സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അത്യാധുനികമായ ഇത്തരം സംവിധാനങ്ങൾ വ്യാപിക്കുന്നതോടെ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടുള്ള പരിശോധനകൾ സംബന്ധിച്ച പരാതികൾക്കും പരിഹാരമാകുമെന്നാണ് സർക്കാർ കരുതുന്നത്. ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനായി  വാഹന പരിശോധന കർശനമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതാകട്ടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കായി റഡാർ, ആർക്കോമീറ്റർ, സൗണ്ട്‌ലെവൽ മീറ്റർ തുടങ്ങിയ ഏറ്റവും ആധുനികമായ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഉപയോഗിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരിയായ വിധം ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, അമിതവേഗം, അശ്രദ്ധമായ വാഹനമോടിക്കൽ, മദ്യപിച്ചും മൊബൈലിൽ സംസാരിച്ചുകൊണ്ടുമുള്ള ഡ്രൈവിംഗ് തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് റോഡപകടങ്ങളുണ്ടാകുന്നത്. സുരക്ഷാ മാർഗങ്ങളായ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതു വഴി അപകടത്തിന്റെ തീവ്രത വർധിക്കുന്നുമുണ്ട്. ഇത്  അനുവദിക്കാൻ കഴിയുന്നതല്ല.  പൊതുജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ട ചുമതല ഭരണ സംവിധാനത്തിനുണ്ട്. അതിനാൽ റോഡ് സുരക്ഷ നടപ്പാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല. മോട്ടോർ വാഹന നിയമങ്ങളും മറ്റ് റോഡ്‌സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ സർക്കാർ കർശനമായ നടപടിയെടുക്കും.
കേരളത്തിൽ ഏറ്റവും കൂടതുൽ റോഡപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. ജില്ലയിലെ വാഹനാപകട നിരക്ക് ഭീതിജനകമാം വിധം വർധിക്കുന്നു.  2014 ൽ 2962 അപകടങ്ങളിലായി 367 പേരാണ് ഇവിടെ മരണമടഞ്ഞത്. 2015 ൽ 3121 അപകടങ്ങളിലായി 378 പേർക്കും 2016 ൽ 2999 അപകടങ്ങളിലായി 356  പേർക്കും 2017 ൽ 3114 അപകടങ്ങളിലായി 407 പേർക്കും ജീവൻ നഷ്ടപ്പെട്ടു. 2018 ൽ മെയ് മാസം വരെയുള്ള കാലയളവിൽ 1417 അപകടങ്ങളിലായി 160 പേരാണ് മരിച്ചത്. 2016 ഒഴിച്ചുള്ള ഓരോ വർഷവും അപകടങ്ങളിൽ മരണമടയുന്നവരുടെ സംഖ്യ വർധിച്ചുവരികയാണ്. ഇതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് ശുഭയാത്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ബോധവത്കരണ ക്ലാസുകളും റോഡ് ഷോകളുമടക്കം ഒരു മാസം നീളുന്ന ഗതാഗത ബോധവത്കരണ പദ്ധതിയാണ് ശുഭയാത്രയുടെ പ്രധാന ദൗത്യം. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. പൊതുസമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ കൂടി ഉണ്ടായെങ്കിലേ റോഡപകടങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
ഇതോടൊപ്പം വാഹനാപകടങ്ങളിൽപെട്ട് മൃതപ്രായരായി കഴിയുന്ന വർക്കുള്ള സഹായ പദ്ധതി വഴികാട്ടി, വാഹനാപകടങ്ങളിൽ തുണ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതി വഴിവിളക്ക് പദ്ധതി,  അപകടരഹിത റോഡ് ഉപയോഗത്തിനുള്ള ദൃശ്യ നിർദ്ദേശങ്ങൾ, വഴിക്കണ്ണ് പദ്ധതി, ട്രാഫിക് മൊബൈൽ പാർക്ക് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.
സ്‌കൂൾ റോഡ് സേഫ്റ്റി ക്ലബ്ബുകളുടെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവഹിച്ചു. കേരള പോലീസിനുള്ള ഡിജിറ്റൽ ട്രാക്കിങ് സിസ്റ്റം ഉൾപ്പടെയുള്ളവയ്ക്ക് ഭരണാനുമതി നൽകിക്കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. എം.എൽ.എമാരായ അഡ്വ.എ.എം.ആരിഫ്, ആർ.രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ കലക്ടർ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 

Latest News