തിരുവനന്തപുരം- മണിക്കൂറില്‍ 168 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം. ഡി ഇ. ശ്രീധരന്‍. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകള്‍ ഉപയോഗിച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും അതുകൊണ്ടുതന്നെ കേരളത്തിലോടുന്ന വന്ദേഭാരത് വിഡ്ഡിത്തമാണെന്നും ശ്രീധരന്‍ പറഞ്ഞു.
കേരളത്തിലെ റയില്‍വേ ട്രാക്കുകളില്‍ നിലവില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗത പറയുന്നുണ്ടെങ്കിലും 90 കിലോമീറ്റര്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.
വന്ദേഭാരത് കേരളത്തിലെത്തിയതോടെ സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ പരമാവധി വേഗതയിലോടിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ട്രാക്ക് ബലപ്പെടുത്തുന്നതും നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അതോടൊപ്പം എറണാകുളം- ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങിയിട്ടുണ്ട്.
വന്ദേഭാഹതിന് ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും പിന്നീട് 130 കിലോമീറ്ററുമാക്കാനാണ് റയില്‍വേയും ലക്ഷ്യം. നിലവില്‍ ഷൊര്‍ണൂര്‍- മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗത്തിലോടാന്‍ സാധിക്കുന്ന ട്രാക്കുള്ളത്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത്.
ട്രയിനുകള്‍ക്ക് വേഗത കൈവരിക്കുന്നതിന് പ്രധാന തടസ്സമായ വളവുകളും തിരിവുകളും ഒഴിവാക്കാനായെങ്കില്‍ മാത്രമേ വന്ദേഭാരതിന്റെ പൂര്‍ണമായ പ്രയോജനമുണ്ടാവുകയുള്ളു. നിലവില്‍ ചെറിയ വളവുകള്‍ നീര്‍ക്കാനാണ് ശ്രമം നടത്തുന്നത്. റെയില്‍വേ പാളത്തോടു ചേര്‍ന്നു കിടക്കുന്ന മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും നടക്കുന്നുണ്ട്. ഇതുകൂടാതെ ഉയര്‍ന്ന ശേഷിയുള്ള സ്ഥിരം സ്പീഡ് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ അതെന്തുകൊണ്ടാണെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അധികൃതര്‍ പഠിക്കുന്നുണ്ട്.
വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ട്രാക്കിന്റെ സൗകര്യം വര്‍ധിക്കുകയാണെങ്കില്‍ മറ്റ് ദീര്‍ഘദൂര ട്രെയിനുകളുടെ വേഗതയും കൂടുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ 22നാണ് ആരംഭിക്കുക.