(ധർമടം) കണ്ണൂർ - വാഹനമോടിക്കവെ നിയമലംഘനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മകനെ ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്‌റ്റേഷനിൽ ചെന്ന വയോധികയായ അമ്മയ്ക്കുനേരെ പോലീസിന്റെ ആക്രോശം. കണ്ണൂർ ജില്ലയിലെ ധർമടം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സ്മിതേഷാണ് വയോധികയോട് മോശമായി പെരുമാറിയത്. ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകർത്തതായും പരാതിയുണ്ട്. അമ്മയെ എസ്.എച്ച്.ഒ തെറിവിളിച്ച് തള്ളിയിട്ടെന്നും കുടുംബം ആരോപിച്ചു.
മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് മകനായ അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്ക് ഒപ്പം സഹോദരനും സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്.എച്ച്.ഒക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
ടീഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിൽ എത്തിയ എസ്.എച്ച്.ഒ 'എടുത്തോണ്ട് പോടാ'യെന്ന് ആക്രോശിക്കുന്നത് വിഡിയോയിലുണ്ട്. ഇയാൾ മദ്യപിച്ചതായും പറയുന്നു. എന്നാൽ, സ്‌റ്റേഷനിലെ മറ്റു പോലീസുകാരെല്ലാം മാന്യമായാണ് ഇടപെട്ടത്. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പോലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറയുന്നുണ്ട്. വയ്യാത്ത സ്ത്രീയാണെന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എസ്.എച്ച്.ഓയോട് സ്റ്റേഷനിലെ വനിതാ പോലീസുകാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.