- സാമുറായികൾക്ക് സ്വപ്നരാവ്
- ജപ്പാൻ 2-കൊളംബിയ 1
സരാൻസ്‌ക്- മോർദോവിയ അരീനയെ മഞ്ഞക്കടലാക്കിയ കൊളംബിയൻ ആരാധകരെ ഞെട്ടിച്ച് ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എച്ചിൽ ജപ്പാന് ചരിത്ര വിജയം, 2-1. ലോകകപ്പിൽ ഇതാദ്യമായാണ് ലാറ്റിനമേരിക്കൻ ടീമിനെതിരെ ഏഷ്യൻ ടീം വെന്നിക്കൊടി നാട്ടുന്നത്. കാർലോസ് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതിനാൽ തുടക്കം മുതൽ പത്തു പേരുമായി കളിക്കേണ്ടി വന്ന കൊളംബിയ, അടിതെറ്റിയ മുൻനിര ടീമുകളുടെ ഗണത്തിൽ സ്ഥാനം പിടിച്ചു. 2014 ലോകകപ്പിലെ 1-4 തോൽവിക്ക് ജപ്പാന്റെ പ്രതികാരം കൂടിയായി ഇത്. ആദ്യ മത്സരത്തിന് ഇറങ്ങിയ അഞ്ച് ഏഷ്യൻ ടീമുകളിൽ ജപ്പാനും ഇറാനും മാത്രമാണ് ജയിച്ചത്. ഓസ്‌ട്രേലിയയും തെക്കൻ കൊറിയയും സൗദി അറേബ്യയും തോറ്റു.
യൂയ ഒസാക്കോയുടെ മിന്നുന്ന പ്രകടനമാണ് ജപ്പാന്റെ വിജയത്തിൽ കലാശിച്ചത്. പരിക്കേറ്റ ഷിൻജി ഒകസാക്കിയുടെ അഭാവത്തിൽ ജപ്പാന്റെ മുനയൊടിഞ്ഞുവെന്ന് കരുതിയവർക്ക് മറുപടിയായിരുന്നു യൂയയുടെ പ്രകടനം. തുടക്കത്തിൽ തന്നെ ലീഡ് നേടാൻ അവസരമൊരുക്കിയ യൂയ എഴുപത്തിമൂന്നാം മിനിറ്റിൽ കെയ്‌സുകെ ഹോണ്ടയുടെ കോർണർ കിക്കിൽനിന്ന് വിജയ ഗോൾ ഹെഡ് ചെയ്തു. 2014 ൽ ഒരു ജയവും നേടാതെയാണ് ജപ്പാൻ ടീം ബ്രസീൽ വിട്ടത്.
മൂന്നാം മിനിറ്റിൽ തന്നെ കൊളംബിയക്ക് കാർലോസ് സാഞ്ചസിനെ നഷ്ടപ്പെട്ടു. ജപ്പാന്റെ പ്രഥമ ആക്രമണത്തിൽ യൂയയുടെ ഗോളിലേക്കുള്ള ഷോട്ട് പെനാൽട്ടി ബോക്‌സിൽ കൈ കൊണ്ട് തടുത്തതിനായിരുന്നു ശിക്ഷ. പെനാൽട്ടി ഷിൻജി കഗാവ ലക്ഷ്യത്തിലെത്തിച്ചു. ആൾബലം കുറവായിട്ടും കൊളംബിയ അതിശക്തമായി തിരിച്ചടിച്ചു. റഡാമൽ ഫാൽക്കാവൊ രണ്ടു തവണ ഗോളിനടുത്തെത്തി. ഇടവേളക്കു മുമ്പെ യുവാൻ ക്വിന്ററോയുടെ ഫ്രീകിക്കിലൂടെ കൊളംബിയ സമനില നേടി. നിലംപറ്റെ അടിച്ച ഫ്രീകിക്ക് കഷ്ടിച്ച് ഗോളിയുടെ കൈയിൽനിന്ന് വഴുതി വര കടന്നത് ഗോൾലൈൻ സാങ്കേതികവിദ്യ വഴിയാണ് ഗോളാണെന്നുറപ്പിച്ചത്.
ഇടവേളക്കു ശേഷം ജപ്പാൻ നിരന്തരമായി ആക്രമിച്ചു. പല തവണ ഗോളി ഡേവിഡ് ഓസ്പിന കൊളംബിയയുടെ രക്ഷക്കെത്തി. പരിക്കുമായി വലയുന്ന കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോറർ ഹമീസ് റോഡ്രിഗസ് ഗാലറിയുടെ കനത്ത കരഘോഷങ്ങൾക്കിടെ അമ്പത്തെട്ടാം മിനിറ്റിൽ കളത്തിലിറങ്ങി. എന്നാൽ 17 മിനിറ്റ് ശേഷിക്കേ ജപ്പാനാണ് ഗോളടിച്ചത്. കൊളംബിയൻ പ്രതിരോധത്തിന് നിരന്തര തലവേദനയായിരുന്ന യൂയ ഉയർന്നു ചാടി കോർണർ കിക്ക് തല കൊണ്ട് വലയിലേക്ക് ചെത്തിവിട്ടു. ഹമീസും ബാരിയോസും രണ്ടു തവണ ഗോൾമുഖം വിറപ്പിച്ചെങ്കിലും അവിസ്മരണീയ ജയത്തിനായി ജപ്പാൻ ചെറുത്തുനിന്നു.