തൃശൂര്‍ - കുന്നംകുളം കേച്ചേരിയില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റിലായി. സ്‌കൂട്ടര്‍ യാത്രക്കാരനായ ബഹ്‌മകുളം സ്വദേശി തെരുവത്ത് വീട്ടില്‍ നിഷാദ് (43) മരിച്ച സംഭവത്തില്‍ പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടില്‍ നൗഷാദിനെ( 50) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കേച്ചേരി സെന്ററിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിഷാദും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ നിഷാദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാന്‍ നിര്‍ത്താതെ പോകുകയായിരുന്നു. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് നൗഷാദിനെ അറസ്റ്റ് ചെയ്തത്.