ഈരാറ്റുപേട്ട - വായനാദിനത്തിൽ സംഘടിപ്പിച്ച കേരളത്തിലെ തലമുതിർന്ന "സാഹിത്യ പ്രമുഖരുടെ സംഗമം" വിദ്യാർഥികൾക്ക് കൗതുകമായി. ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്‌കൂളിലെ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതീകാത്മകമായി രചയിതാക്കളുടെ സംഗമം നടത്തിയത്.
സാഹിത്യ രംഗത്തെ പ്രതിഭകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചാണ് ഇത്തരത്തിൽ സംഗമം സംഘടിപ്പിച്ചത്. വിദ്യാർഥികൾതന്നെ സാഹിത്യകാരന്മാരുടെ വേഷത്തിൽ എത്തിയത് കുട്ടികൾക്ക് പുതിയ അനുഭവമാകുകയായിരുന്നു.
സ്‌കൂൾ ലീഡർ എൻ.എൻ. അബൂസുഫിയാൻ 'സാഹിത്യകാരന്മാരെ' സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ പി.എൻ. പണിക്കർ, കമല സുരയ്യ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, കുമാരനാശാൻ, കുഞ്ഞുണ്ണിമാഷ്, സുകുമാർ അഴീക്കോട് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. മലയാളത്തിലെ സാഹിത്യ മേഖലയെ കുറിച്ചും മലയാളിയുടെ വായനാ സംസ്‌കാരത്തെ കുറിച്ചും ചർച്ച സംഘടിപ്പിച്ചു.
ചർച്ചയിൽ പ്രതീകാത്മകമായി സുഗതകുമാരി, വള്ളത്തോൾ, വൈക്കം മുഹമ്മദ് ബഷീർ, അക്കിത്തം, എം.ടി വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, തകഴി, എന്നീ 'കുട്ടി സാഹിത്യകാരന്മാരും' പങ്കെടുത്തു. ഓരോരുത്തരും 'സ്വയം' പരിചയപ്പെടുത്തുകയും കൃതികളെ കുറിച്ചും അവാർഡ് നേട്ടങ്ങളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു.
പരിപാടിക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ ഹമീൻ എം.എ, അധ്യാപകരായ റമീസ് പി.എസ്., ഷമീർ ടി.ടി., ഷാനാമോൾ ആഷിഖ് എന്നിവർ നേതൃത്വം നൽകി. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് പ്രശ്‌നോത്തരി, പോസ്റ്റർ നിർമ്മാണ മത്സരം, പുസ്തക പരിചയ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.