ഒരു വായനാദിനം കൂടി കൊഴിയുമ്പോൾ, ജിദ്ദയിലെ മലയാളി സഹൃദയരോടൊപ്പമുള്ള വായനാനുഭവങ്ങൾ പങ്കുവെക്കുകയാണ് നർത്തകിയും എഴുത്തുകാരിയുമായ ലേഖിക. പരിമിതമായ സൗകര്യങ്ങളും പുസ്തകങ്ങളുടെ ലഭ്യതക്കുറവുമൊക്കെ ഉണ്ടായിട്ടും, ഏറ്റവും പുതിയ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായനയെ ഉത്സവമായി മാറ്റുന്ന ഒരു ചെറുകൂട്ടത്തിന്റെ ഗൃഹാതുരത്വം മുറ്റുന്ന സ്മരണ.
സ്‌കൂൾ വിട്ടു വരുന്ന വഴിക്ക് ശേഖരമേനോന്റെ (അങ്ങനെ പറഞ്ഞാലേ നാട്ടിലറിയൂ, അഞ്ചു വയസ്സുകാരിക്കും അമ്പത് വയസ്സുകാരിക്കും അദ്ദേഹം ശേഖരമേനോൻ ആയിരുന്നു!) പുസ്തകക്കടയിൽ കയറി ചരടിൽ തൂങ്ങിയാടുന്ന വർണ ചട്ടകളിലേക്കു ഊളിയിട്ട്, ആർത്തിയോടെ പൂമ്പാറ്റയെയും അമ്പിളിമാമനെയും പിടിച്ചു ബാഗിലിട്ടാലേ വീട്ടിലേക്കുള്ള ദൂരം കുറയുമായിരുന്നുള്ളൂ. നാളെ വാങ്ങാൻ പോകുന്ന പുസ്തകങ്ങളെ സ്വപ്‌നം കണ്ടുറങ്ങുമ്പോഴേ രാത്രികൾക്ക് നീളം കുറയാറുണ്ടായിരുന്നുള്ളൂ.
വായന നിത്യവൃത്തിയുടെ ഭാഗമായത് കാളിദാസ് പുതുമനയെന്ന അച്ഛന്റെ മകൾ ആയതുകൊണ്ടു തന്നെ. എഴുത്തിനെയും വായനയേയും ഗൗരവമായി കാണൂ എന്ന അച്ഛന്റെ പഴയ ആവശ്യം കൃത്യമായി നിറവേറ്റാനായിട്ടുണ്ടോ എന്നത് സംശയമാണിപ്പോഴും. വായന പിന്നീട് അച്ഛന്റെ ലൈബ്രറിയിൽ ആശ്രയം കണ്ടെത്തി. ആയിരത്തൊന്നു രാവുകളും ഐതിഹ്യമാലയും ഖസാക്കും നീർമാതളങ്ങളും ഗൗരിയും പ്രകാശം പരത്തി തുടങ്ങിയ കാലമായിരുന്നു അത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ, അക്ഷരങ്ങൾ ആയുധമാക്കാമെന്ന് അന്നെപ്പോഴോ മനസ്സിലാക്കി തുടങ്ങിയിരുന്നു.
പുസ്തകങ്ങളുടെ ഗന്ധം ആസ്വദിച്ചുറങ്ങിയ ആ കാലം മനസ്സിലെ ഗൃഹാതുരത്വമായി എന്നും ഒപ്പമുണ്ടായിരുന്നു. വായനയിലൂടെ സ്വന്തമായി മാറിയ എത്രയോ കഥകൾ, കഥാപാത്രങ്ങൾ... അവരുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നും സ്വാംശീകരിച്ചും ചിലപ്പോൾ അവയായി തന്നെ മാറിപ്പോകുന്ന വായനയുടെ ലഹരി. മറ്റേതൊരു വിനോദോപാധിക്കും സമ്മാനിക്കാൻ കഴിയാത്ത അപൂർവമായൊരു സുഖാലസ്യമാണ് വായന പകർന്നു തരുന്നത്. അത് നമ്മെ നയിക്കുന്ന ജീവിത പരിസരങ്ങൾ, ജീവിതാനുഭവങ്ങൾ, നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വിചിത്രഭാവനകളുടെ കോട്ടകൊത്തളങ്ങൾ, അഭയാർഥിയെപ്പോലെ നമ്മെ അലഞ്ഞുതിരിയാൻ വിടുന്ന രസാനുഭവങ്ങൾ, നടുക്കുന്ന യാഥാർഥങ്ങളുടെ മൺമലകൾ... വായന ഉദാത്തവും അതുല്യവുമായ അനുഭവമാകുന്നത് അതിലേക്ക് പൂർണമായും ആഴ്ന്നിറങ്ങുമ്പോഴാണ്.
കഥകൾ കേട്ട്, വായിച്ച് ഉറങ്ങിയ രാവുകളെ വിട്ടു മരുഭൂമിയിലെ ഫഌറ്റിന്റെ നാലതിരുകളിലേക്കു ചുമതലകൾ വിടർന്നപ്പോൾ വായന എവിടേക്കോ പിണങ്ങി മാറി നിന്നു! അതിനെ പിന്നീട് കൈപിടിച്ചുയർത്തുന്നത് ജിദ്ദയിലെ സഹൃദയർ തന്നെ.
ജിദ്ദയിലെ മലയാളി കൂട്ടായ്മകളിലെ കൂട്ടുകാർ ഇവിടത്തെ വായന വേദി കളെക്കുറിച്ച് വിവരം നൽകിയതോടെ അക്ഷരങ്ങളോട് വീണ്ടും അടുക്കുകയായിരുന്നു. കഥകളെ വീണ്ടും പ്രണയിക്കാനും മറന്നുവെച്ച അക്ഷരങ്ങളെ ഓർമിക്കാനും ശ്രമിച്ചു തുടങ്ങിയത് അങ്ങനെയാണ്. 'തൃപ്തി' എന്ന സംഘടന നടത്തിയ പുസ്തക പരിചയം എന്നെ എത്തിച്ചത് 'സമീക്ഷ'യെന്ന വായനാവേദിയിലാണ്. ഹൃദയത്തിന്റെ കോണിൽ എന്നും സുഗന്ധം പരത്തുന്ന ഒരുപിടി കൂട്ടുകാരെയും പ്രവാസ വായന സമ്മാനമായി നൽകി.
ജിദ്ദയിലെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ സമീക്ഷ വായന വേദിയെ പ്രത്യേകമായി ഓർക്കാതിരിക്കാനാവില്ല. ലോക നിലവാരത്തിലുള്ള പുസ്തകങ്ങളെക്കുറിച്ചു വിശദവും ഗഹനവുമായ ചർച്ചകൾ പ്രതിമാസം നടത്തുന്ന സമീക്ഷ, പങ്കെടുക്കുന്നവരെ തനതുകാല രചനകളുമായി സർഗപരമായിത്തന്നെ അടുപ്പിക്കുന്നു. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ രചിക്കപ്പെടുന്ന കൃതികളെ സമീക്ഷ സജീവമായിത്തന്നെ ചർച്ച ചെയ്യുന്നു. സമീക്ഷയുടെ ആതിഥ്യം സ്വീകരിച്ചെത്തുന്ന പ്രതിഭകളെ പരിചയപ്പെടാനും വേദി പ്രയോജനപെടുന്നു. പരിമിതമായ ചുറ്റുപാടിലും മലയാളി വായനയെ മറക്കുന്നില്ല എന്നതിന് ഉദാത്തമായ ഉദാഹരണമാണ് സമീക്ഷയിലെ വായനക്കാരുടെ പങ്കാളിത്തം.
മലയാളിയുടെ വായനാശീലത്തെയും എഴുതാനുള്ള താൽപര്യത്തേയും പരമാവധി പ്രോത്സാഹിപ്പിക്കാൻ ഇത്തരം സംഘടനകളും വേദികളും നടത്തുന്ന ഇടപെടലുകൾ പ്രശംസനീയം തന്നെ. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനങ്ങളും ആരോഗ്യപരമായ വിലയിരുത്തലുകളും വിശകലനങ്ങളും എല്ലാം എന്റെ വായനക്ക് ഊർജം പകർന്ന ഘടകങ്ങളായി.
അത്തരം വേളകളിലൊക്കെയും എനിക്ക് തോന്നിയിട്ടുണ്ട്, ഇവിടത്തെ ചെറിയ കൂട്ടായ്മകളുടെ ഹൃദ്യതയിൽ മലയാളം ജന്മനാടിനേക്കാൾ ധന്യമാകുന്നു എന്ന്! ആ ഹരിത സ്മൃതികൾ എന്റെ മനസ്സിനെ ഇപ്പോഴും ഉർവ്വരമാക്കികൊണ്ടേ ഇരിക്കുന്നു. അമൂല്യമായ ആ അനുഭവങ്ങളോരോന്നും നൽകിയ ജിദ്ദയുടെ സഹൃദയത്വത്തിനോട് കടപ്പാടുകൾ മാത്രം.