തൃശൂർ - ചേലക്കര കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് ഗുരുതര പരുക്കേൽപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാക്കൽപീടികയിൽ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് പിടിയിലായത്.
ക്രൂരമായ ആൾക്കൂട്ട മർദനത്തിന് ഇരയായ വെട്ടിക്കാട്ടിരി നമ്പുളളിപ്പടി വീട്ടിൽ സന്തോഷ് (31) തൃശൂർ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ഐ.സിയുവിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷ് ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സന്തോഷ് അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.
കിള്ളിമംഗലത്തെ പ്ലാക്കൽ പീടികയിലെ ഒരു വീട്ടിലെ അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ രണ്ടോടെയാണ് കിള്ളിമംഗലത്ത് വച്ച് സന്തോഷിന് മർദ്ദനമേറ്റത്.