Sorry, you need to enable JavaScript to visit this website.

ഷുജാഅത്ത് ബുഖാരി: സമാധാനത്തിന്റെ വില

കശ്മീരിനെക്കുറിച്ച ധ്രുവീകൃത സംവാദങ്ങളിൽ മുഴുകിയ ഇരുപക്ഷവും ഒരുപോലെ ഷുജാഅത്ത് ബുഖാരിയെ അധിക്ഷേപിക്കുകയും അപവാദം പറയുകയും ചെയ്യുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല ശ്രദ്ധാഞ്ജലി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരനായും കൂട്ടിക്കൊടുപ്പുകാരനായും കശ്മീരിൽ അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. സ്വന്തം ഓഫീസിന്റെ മുറ്റത്ത് വെടിയേറ്റ് വീണതിന് ഏതാനും ദിവസം മുമ്പ് ഗൂഢാലോചനക്കാരനായും വഞ്ചകനായും പോരാട്ടത്തെ ഒറ്റിക്കൊടുത്തവനായും ഓൺലൈനിൽ അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. കശ്മീരിന് പുറത്താകട്ടെ, ഹിന്ദുത്വവാദികളുടെ ഇരയായിരുന്നു അദ്ദേഹം. സർക്കാരിൽനിന്ന് പണം വാങ്ങി പത്രം തുടങ്ങിയിട്ട് ഐ.എസ്.ഐയുടെ തിരക്കഥയനുസരിച്ച് കളിക്കുന്നയാളായാണ് ഒരു ഹിന്ദുത്വ ട്വീറ്റ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. വെടിയേറ്റ് വീണ ദിവസം പോലും ട്വിറ്ററിൽ ദൽഹിയിലെ ഒരു ബുദ്ധിജീവി തനിക്കെതിരെ നടത്തിയ ദുരുപദിഷ്ട പ്രചാരണത്തിന് മറുപടി നൽകിയിരുന്നു അദ്ദേഹം. 
കശ്മീർ താഴ്‌വരയിലെ സംഘർഷ ഭൂമിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന എല്ലാവർക്കുമറിയാം, ഏതെങ്കിലും പക്ഷം ചേർന്നു നിൽക്കുന്നതിനേക്കാൾ സുരക്ഷക്ക് നല്ലത്, എല്ലാവരേയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്. ഇത്തരം സ്ഥലങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുക്കേണ്ടിവരുന്ന ദുഷ്‌കര പ്രവൃത്തിയാണിത്. കാലങ്ങളായി തുടരുന്ന ഈ പ്രക്രിയ, അതിജീവനത്തിന്റെ പാഠമായി മാറിയിട്ടുണ്ട്. എന്നാൽ തോക്കുകൾ അവസാന വിധി പറയുന്ന ഒരു സ്ഥലത്ത് ഇതിൽ വലിയ ഗാരണ്ടിയൊന്നുമില്ല. രണ്ടിടത്തുമില്ലാതെ, അല്ലെങ്കിൽ രണ്ടിടത്തും നിന്നുകൊണ്ടുള്ള ഈ തൂക്കമൊപ്പിക്കൽ കളി ഒരു പക്ഷേ നിങ്ങൾക്കെതിരെ ഭവിച്ചേക്കാം.  ഇന്നത്തെ കശ്മീരിൽ, നിങ്ങൾ ഒരു ഭാഗത്ത് നിന്നില്ലെങ്കിൽ, നിങ്ങൾ എല്ലാ ഭാഗത്തും നിന്ന് കളിക്കുന്നവരായി ചിത്രീകരിക്കപ്പെടാം. ഒരു ഭാഗം നിങ്ങൾ തെരഞ്ഞെടുത്താലോ, അത് ശരിയായ ഭാഗമായിരിക്കുകയും വേണം. ഞങ്ങളോടൊപ്പം, അല്ലെങ്കിൽ ഞങ്ങൾക്കെതിര്... അല്ലാതെ മധ്യത്തിലൊളിക്കാൻ അവിടെ സ്ഥലമില്ല.
'റൈസിംഗ് കശ്മീർ' എന്ന പത്രത്തേയും അതിന്റെ രണ്ട് സഹോദര പ്രസിദ്ധീകരണങ്ങളേയും ഒരു വലിയ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമകരമായ യത്‌നത്തിലായിരുന്നു ഷുജാഅത്ത് ബുഖാരി. അദ്ദേഹം ഒരു സമാധാന പ്രവർത്തകനായിരുന്നു. കുടുംബാംഗങ്ങളിൽ പലരും സർക്കാരിലും ഭരണ കക്ഷിയിലുമൊക്കെ പെട്ടവർ. കശ്മീരിലേയും ദൽഹിയിലേയും മുഖ്യധാര രാഷ്ട്രീയക്കാരുമായി ഊഷ്മള ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഹുർരിയത്ത് നേതാക്കളുമായും മികച്ച ബന്ധം നിലനിർത്തി. പോലീസ്, സൈനിക ഉദ്യോഗസ്ഥരുമായും സന്നദ്ധ സംഘടനകളുമായും ഷുജാഅത്തിന് നല്ല ബന്ധമായിരുന്നു. ഒരേസമയം അദ്ദേഹം പല തൊപ്പികൾ ധരിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റർ പേജ് ഈ വ്യത്യസ്തതകളുടെ രേഖാചിത്രമായിരുന്നു. പക്ഷേ ഇന്നത്തെ കശ്മീർ, പല തൊപ്പികൾ ധരിക്കുന്നവരെ സംശയത്തോടെ നോക്കുന്ന, മാപ്പു നൽകാത്ത ഒരു ദേശമാണ്. 
ഷുജാഅത്തിന് നേരെ വെടിയുതിർത്തവർ ആരെന്ന കാര്യത്തിൽ പല നിഗമനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഏറെ ചർച്ച ചെയ്യപ്പെടാത്ത ഒന്ന്, അദ്ദേഹത്തിന്റെ സമാധാന സ്ഥാപന ശ്രമങ്ങളിൽ വലിയ താൽപര്യമില്ലാതിരുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ്. അനുരഞ്ജന കൂട്ടായ്മ എന്നറിയപ്പെട്ട ഒരു ബുദ്ധിജീവി കൂട്ടായ്മയുടെ കശ്മീർ ഇനിഷ്യേറ്റീവ് ഗ്രൂപ്പിൽ അംഗമായിരുന്നു ഷുജാഅത്ത്. കഴിഞ്ഞ വർഷം ഇവർ ദുബായിൽ സംഘടിപ്പിച്ച ട്രാക്ക് 2 സംഗമത്തിൽ ഷുജാഅത്തും മറ്റനേകരും പങ്കെടുത്തിരുന്നു. താഴ്‌വരയിൽ സായുധ തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഒരു പ്രമേയത്തെക്കുറിച്ച ചർച്ചകൾ ഈ സമ്മേളനത്തിൽ നടക്കുകയുണ്ടായി. എന്നാൽ ഔദ്യോഗികമായി ഒരു തരത്തിലുള്ള പ്രമേയങ്ങളും പുറത്തിറക്കാതെയാണ് അത് സമാപിച്ചത്. 
ഇതേക്കുറിച്ച് പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പ്രചരിച്ചത്. എല്ലാ വിഭാഗവും അക്രമം അവസാനിപ്പിക്കണം എന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു എന്നതാണ് ഒന്ന്. അക്രമം ഒന്നിനും ഉത്തരമല്ലെന്നും അവർ പ്രഖ്യാപിച്ചു. സമ്മേളനത്തോട് യുനൈറ്റഡ് ജിഹാദ് കൗൺസിൽ, സയിദ് സലാഹുദ്ദീന്റെ ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകൾ നല്ല സമീപനമല്ല സ്വീകരിച്ചത് എന്ന് അന്നേ കശ്മീരി പത്രങ്ങൾ എഴുതിയിരുന്നു. പാക് പത്രങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടി. കശ്മീരികൾ അവരുടെ ജീവൻ ത്യജിക്കുന്നത് ഉരുളക്കിഴങ്ങും ഉള്ളിയും വിൽക്കാനല്ലെന്നും കശ്മീരിനെ സ്ഥിരമായി വിഭജിക്കാനല്ലെന്നും അന്ന് സയിദ് സലാഹുദീൻ പറഞ്ഞതായി മാധ്യമങ്ങൾ ഉദ്ധരിക്കുകയുണ്ടായി. ദുബായ് സമ്മേളനത്തിൽ പങ്കെടുത്തവർ പണം പറ്റിയതായും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള വൃഥാവ്യായാമം എന്നാണ് ദുബായ് സമ്മേളനത്തെ സലാഹുദ്ദീൻ വിശേഷിപ്പിച്ചത്. 
കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരുടെ പ്രതിനിധികൾ സമ്മേളനത്തിൽ ശബ്ദം ഉയർത്തിയില്ലെന്ന പരിഭവവും സയിദ് സലാഹുദ്ദീൻ പ്രകടിപ്പിച്ചിരുന്നു. ദുബായ് സമ്മേളനത്തിൽ പങ്കെടുത്ത ഷുജാഅത്തും മറ്റ് ചിലരും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഏജന്റുമാരാണെന്നും ഇന്ത്യൻ സൈന്യത്തിൽനിന്ന് അവർ പണം പറ്റി ഇന്ത്യക്ക് വേണ്ടി സംസാരിക്കുകയാണെന്നും ആരോപിച്ച് കഴിഞ്ഞ മാസം ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ കൊല ചെയ്യപ്പെട്ട ഏറ്റവും പ്രമുഖനായ കശ്മീരിയാണ് ഷുജാഅത്ത് ബുഖാരി. ഇത്തരത്തിലുള്ള അവസാനത്തെ ആസൂത്രിത കൊലപാതകം, 2003 മാർച്ചിൽ വെടിനിർത്തലിനെ അനുകൂലിച്ച ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ അബ്ദുൽ മജീദ് ദറിന്റേതായിരുന്നു. മിർവായിസ് മൗലവി ഫാറൂഖിന്റെ പന്ത്രണ്ടാം ചരമ വാർഷികത്തിൽ പങ്കെടുക്കവേ അബ്ദുൽ ഗനി ലോൺ വെടിയേറ്റ് മരിച്ച് 10 മാസം കഴിഞ്ഞപ്പോഴാണ് ദറിനും അതേ വിധിയുണ്ടായത്. അനുരഞ്ജനത്തിനും സമാധാനത്തിനുമുള്ള തീവ്രശ്രമങ്ങളിൽ മുഴുകിയിരിക്കവേയാണ് ഇവരിൽ ഓരോരുത്തരും വധിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ച ആദ്യം പുൽവാമയിൽ രണ്ട് പോലീസുകാരെ തീവ്രവാദികൾ വധിച്ചപ്പോൾ നടുക്കം പ്രകടിപ്പിച്ച് ഷുജാഅത്ത് ട്വീറ്റ് ചെയ്തു. റമദാൻ മാസത്തിൽ നടന്ന കൊലപാതകങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം രണ്ട് കശ്മീരികൾക്ക് കൂടി ജീവൻ നഷ്ടമായി എന്നതല്ലാതെ എന്താണ് ഇതിന്റെ ഗുണം എന്ന് ചോദിക്കുകയും ചെയ്തു. അക്രമം അവസാനിപ്പിക്കുകയും പരസ്പര സംഭാഷണത്തിന് തുടക്കം കുറിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം തീവ്രവാദി സംഘങ്ങളെ പ്രകോപിപ്പിച്ചിരിക്കണം.
റമദാനിലെ വെടിനിർത്തലും 2003 ലെ വെടിനിർത്തൽ കരാറിനോട് ഇന്ത്യയും പാക്കിസ്ഥാനും പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധതയും കൂടുതൽ ക്രിയാത്മകമായ നടപടികളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയാണ് ഷുജാഅത്തിന്റെ വധത്തോടെ ഇല്ലാതായത്. കശ്മീരിനെക്കുറിച്ച പ്രതീക്ഷകൾ മങ്ങുന്നതിന്റെ സൂചനകൾ വേറെയുമുണ്ട്. റമദാനിൽ കേന്ദ്രം മുന്നോട്ടുവെച്ച ഒലീവ് ഇലകൾ സ്വീകരിക്കാൻ ഒരു തീവ്രവാദി ഗ്രൂപ്പും മുന്നോട്ടു വന്നില്ല. സുരക്ഷാ സേനയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നിരന്തരമുണ്ടാകുകയും ചെയ്തു. കശ്മീരിൽ സൈനിക നടപടികൾ നിർത്തിവെക്കുന്നതിന് മുമ്പ്, തീവ്രവാദി ബന്ധമുള്ള 25 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിന് ശേഷമുള്ള മെയ് 17 മുതൽ ജൂൺ 13 വരെ മാത്രം ഇത്തരം 66 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ട് പോലീസ് ഗാർഡുകൾക്കൊപ്പം ഷുജാഅത്ത് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റജൗരിയിൽ ഈദ് അവധിക്ക് വീട്ടിലേക്ക് പോകുകയായിരുന്ന സൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ചു. മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിന്റെ വികൃതമാക്കപ്പെട്ട ശരീരമാണ് പുൽവാമയിൽനിന്ന് കണ്ടെടുത്തത്. തീവ്രവാദി സംഘടനകളിലേക്ക് കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നതായ വാർത്തകളും ഇതിനിടെ പുറത്തു വന്നു. നിയന്ത്രണ രേഖ കൂടുതൽ സംഘർഷ ഭരിതമായി. ഇരു ഭാഗത്തും ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായി.
ഇതോടെ കശ്മീരിൽ നിർത്തിവെച്ച സൈനിക നടപടി കേന്ദ്രം പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. പക്ഷേ, സമാധാനത്തിന്റേതായ മാർഗത്തിൽ മുന്നോട്ടു പോകാനുള്ള വഴികൾ തേടാതിരിക്കാൻ അത് ന്യായമാകുന്നില്ല. കശ്മീരിനെ ഇനിയും തോക്കുകൾ തന്നെ ഭരിക്കുന്നത് എല്ലാവരേയും മൂന്ന് ദശാബ്ദം പിന്നിലേക്കാണ് നയിക്കുക. വെടിയുതിർത്ത് വഴി തീർക്കുന്നത് എളുപ്പമായിരിക്കാം, പക്ഷേ അത് ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല.


( ഇന്ത്യൻ എക്‌സ്പ്രസ് കോളമിസ്റ്റാണ് ലേഖിക. )

Latest News