Sorry, you need to enable JavaScript to visit this website.

വീഡിയോയില്‍ ഉള്ള കാര്യങ്ങള്‍ ഷാഫിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പറയിച്ചതെന്ന് സഹോദരനും പിതാവും

മുഹമ്മദ് ഷാഫി

കോഴിക്കോട് - താമരശ്ശേരിയിലെ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഷാഫിയുടെ വീഡിയോ സന്ദേശത്തിനെതിരെ പ്രതികരണവുമായി സഹോദരനും പിതാവും.  ഷാഫി തന്നെക്കുറിച്ച് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് സഹോദരന്‍ നൗഫല്‍ പറഞ്ഞു.  തനിക്കെതിരായ ആരോപണം ഷാഫിയെ കൊണ്ട് ഗുണ്ടാസംഘം പറയിച്ചതാകാമെന്നും നൗഫല്‍ വ്യക്തമാക്കി.  വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ഷാഫിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പറയിച്ചതാണ്. ഷാഫിയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നതാണ് സത്യം. ഷാഫിയെ തട്ടിക്കൊണ്ടു പോയ അന്നു മുതല്‍ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തന്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്. വീഡിയോയില്‍ പറഞ്ഞത് പോലെ സ്വര്‍ണം കടത്താന്‍ ഷാഫി കഴിഞ്ഞ 12 വര്‍ഷത്തിനിടക്ക് സൗദി അറേബ്യയില്‍ പോയിട്ടില്ലെന്നും ഇക്കാര്യം പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ബോധ്യമാവുമെന്നും നൗഫല്‍ പറയുന്നു.അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് ഇതെന്ന് പിതാവ് അഹമ്മദ് കുട്ടിയും പറഞ്ഞു. ക്രിമിനല്‍ സംഘത്തിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം രണ്ടു വീഡിയോകള്‍ പുറത്ത് വിട്ടിരുന്നു. താനും സഹോദരനും ചേര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് സൗദി രാജകുടുംബത്തിന്റെ 80 കോടിയോളം വില മതിക്കുന്ന സ്വര്‍ണ്ണം കടത്തിക്കൊണ്ടു വന്നെന്നും അതിന്റെ വിഹിതം ചോദിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ആദ്യ വീഡിയോയില്‍ ഷാഫി പറഞ്ഞിരുന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫി രണ്ടാമത്തെ വീഡിയോയില്‍ ആരോപിച്ചത്.  എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുന്‍കൈ എടുത്ത സഹോദരന്‍ ഒടുവില്‍ തന്നെ കയ്യൊഴിയുകയാണെന്നും, സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവ് സൂചന നല്‍കിയിരുന്നുവെന്നും വീഡിയോയില്‍ ഷാഫി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സഹോദരന്‍ നൗഫലും പിതാവും രംഗത്തെത്തിയത്.

 

 

Latest News