Sorry, you need to enable JavaScript to visit this website.

VIDEO ഹൂത്തികള്‍ മോചിപ്പിച്ച സൈനികര്‍ സൗദിയിലെത്തി; ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

റിയാദ് - ഹൂത്തികള്‍ ബന്ദികളാക്കിയ 16 സൗദി സൈനികര്‍ക്കും മൂന്നു സുഡാനി സൈനികര്‍ക്കും മോചനം. ഹൂത്തികളും യെമന്‍ ഗവണ്‍മെന്റും ഒപ്പുവെച്ച ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായാണ്  19 സഖ്യസൈനികരെ ഹൂത്തികള്‍ വിട്ടയച്ചത്. സന്‍ആയില്‍ നിന്നുള്ള റെഡ് ക്രോസ് വിമാനത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഇവര്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവര്‍ക്കു പകരം സൗദി അറേബ്യ 250 ഹൂത്തി ബന്ദികളെ വിട്ടയച്ചു. ഇവര്‍ അബഹ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ടു വിമാനങ്ങളിലായി സന്‍ആയിലേക്ക് പോയി.
സൗദി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് അല്‍റുവൈലി, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും സംയുക്ത സേനാ കമാണ്ടറുമായ ജനറല്‍ മുത്‌ലഖ് അല്‍അസൈമിഅ്, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ സൈനിക വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ഖഹ്താനി, റിയാദ് സുഡാന്‍ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ശിര്‍ എന്നിവരും മുതിര്‍ന്ന സൈനിക മേധാവികളും ചേര്‍ന്ന് സൗദി, സുഡാന്‍ ബന്ദികളെ റിയാദ് വിമാനത്താവളത്തില്‍ ഊഷ്മളമായി സ്വീകരിച്ചു. പൂമാലയണിയിച്ച് സ്വീകരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികളും പ്രശംസാപത്രങ്ങളും വിതരണം ചെയ്തു. മാതൃരാജ്യത്ത് കാലുകുത്തിയ സൗദി സൈനികര്‍ സാഷ്ടാംഗ പ്രണാമം നടത്തി സര്‍വശക്തന് നന്ദി പ്രകടിപ്പിച്ചു.
മുഴുവന്‍ ബന്ദികളെയും വീണ്ടെടുത്ത് ബന്ദി പ്രശ്‌നത്തിന് അവസാനം കാണാന്‍ സഖ്യസേനാ രാഷ്ട്രീയ, സൈനിക നേതൃത്വം അതീവ ശ്രദ്ധയും താല്‍പര്യവും കാണിക്കുന്നതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ബന്ദി കൈമാറ്റം സാധ്യമാക്കാനും വിജയിപ്പിക്കാനും റെഡ് ക്രോസും യെമനിലേക്കുള്ള യു.എന്‍ ദൂതന്‍ ഹാന്‍സ് ഗ്രുന്‍ഡ്‌ബെര്‍ഗും നല്‍കിയ പിന്തുണകളും നടത്തിയ ശ്രമങ്ങളും സഖ്യസേനാ കമാണ്ടന്റ് വിലമതിക്കുന്നതായി സഖ്യസേനാ വക്താവ് പറഞ്ഞു.
ബന്ദി കൈമാറ്റത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച 319 പേരെ ഹൂത്തികളും യെമന്‍ ഗവണ്‍മെന്റും വിട്ടയച്ച് പരസ്പരം കൈമാറിയിരുന്നു. നാലു വിമാനങ്ങളിലാണ് തടവുകാരെ പരസ്പരം കൈമാറിയത്. ഇതില്‍ രണ്ടെണ്ണം ഹൂത്തികള്‍ വിട്ടയച്ചവരുമായി സന്‍ആയില്‍ നിന്ന് ഏദനിലും രണ്ടെണ്ണം യെമന്‍ ഗവണ്‍മെന്റ് വിട്ടയച്ചവരുമായി ഏദനില്‍ നിന്ന് സന്‍ആയിലും എത്തി. യെമന്‍ ഗവണ്‍മെന്റ് 249 ഹൂത്തികളെയാണ് വിട്ടയച്ചത്. ഇക്കൂട്ടത്തില്‍ 125 പേര്‍ ഒരു വിമാനത്തിലും 124 പേര്‍ രണ്ടാമത്തെ വിമാനത്തിലും ഏദനില്‍ നിന്ന് സന്‍ആയിലെത്തി. ഹൂത്തികള്‍ 70 തടവുകാരെയാണ് വിട്ടയച്ചത്. ഇവരെയും രണ്ടു വിമാനങ്ങളില്‍ ഏദനിലെത്തിച്ചു. ഇരു വിമാനങ്ങളിലും 35 തടവുകാര്‍ വീതമാണുണ്ടായിരുന്നത്.
മുന്‍ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മഹ്മൂദ് അല്‍സുബൈഹി, മുന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സഹോദരന്‍ നാസിര്‍ മന്‍സൂര്‍ ഹാദി എന്നിവരടക്കമുള്ള നേതാക്കളെ ഹൂത്തികള്‍ വെള്ളിയാഴ്ച വിട്ടയച്ചിരുന്നു. തടവുകാരുടെ കൈമാറ്റത്തിന് കഴിഞ്ഞ മാസം 20 ന് സ്വിറ്റ്‌സര്‍ലാന്റില്‍ വെച്ച് യെമന്‍ ഗവണ്‍മെന്റും ഹൂത്തികളും കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ഇരു വിഭാഗവും 880 ലേറെ തടവുകാരെ വിട്ടയച്ച് പരസ്പരം കൈമാറും. ഹൂത്തികള്‍ 181 തടവുകാരെയും യെമന്‍ ഗവണ്‍മെന്റ് 706 തടവുകാരെയുമാണ് വിട്ടയക്കുക. കൂടുതല്‍ തടവുകാരെ വിട്ടയക്കാന്‍ റമദാനു ശേഷം ഇരുവിഭാഗവും വീണ്ടും ചര്‍ച്ചകള്‍ നടത്തും.
അതേസമയം, യെമന്‍ സംഘര്‍ഷത്തിന് സമഗ്രവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരത്തിലെത്തിച്ചേരാന്‍ ശ്രമിച്ച് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളും സൗദി സംഘം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് ആലുജാബിറിന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ഈ മാസം എട്ടു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സന്‍ആയില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തി വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. മുഴുവന്‍ ബന്ദികളെയും വിട്ടയക്കല്‍, വെടിനിര്‍ത്തല്‍, സമഗ്ര രാഷ്ട്രീയ പരിഹാരം അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സൗദി സംഘം ഹൂത്തി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതായും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News