Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് ട്രെയിനുകള്‍ മറ്റ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുമെന്ന ആശങ്ക ശക്തം

കൊച്ചി-കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ മറ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ ദുരിതമനുഭവിക്കേണ്ടിവരുമെന്ന് ആശങ്ക. ലക്ഷക്കണക്കിന് സാധാരണക്കാന്‍ ദൈനംദിന യാത്രക്ക് ആശ്രയിക്കുന്ന ട്രെയിനുകള്‍ പിടിച്ചിട്ടും സമയക്രമം മാറ്റിമറിച്ചും മാത്രമേ ആഡംബര ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് സര്‍വീസ് നടത്താന്‍ കഴിയൂവെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
വന്ദേഭാരതിന് വേണ്ടി ട്രെയിനുകളുടെ  ഷെഡ്യൂളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. 160 കിലോമീറ്റര്‍ വേഗതയുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കണമെങ്കില്‍ നിലവിലെ ട്രെയിനുകളുടെ സമയക്രമാകെ അഴിച്ചുപണിയേണ്ടിവരും. തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുന്‍പു പുറപ്പെടുന്ന വിധത്തില്‍ സര്‍വീസ് നടത്തിയാല്‍ മാത്രമെ വന്ദേഭാരത് എക്‌സ്പ്രസ് മറ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ദുരിതമാകാതിരിക്കൂ. തിരക്കേറിയ സമയങ്ങളില്‍ വന്ദേഭാരത് ഓടിയാല്‍ ജോലിക്കു പോകുന്ന സാധാരണക്കാരായ യാത്രക്കാരാകും അതിന് വലിയ വില കൊടുക്കേണ്ടി വരിക.
25നാണ് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോഡിഫഌഗ് ഓഫ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. അതിനും വളരെ മുമ്പ് തന്നെ മറ്റ് ട്രെയിനുകളും സമയക്രമം മാറ്റേണ്ടതായി വരും. ഏഴ് - ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ വന്ദേഭാരതിന് വേണ്ടി ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിനു കൈമാറിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പുതിയ ടൈംടേബിള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 100കിലോമീറ്റര്‍ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷ. വേഗം കൂട്ടുന്നതിന് ട്രാക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇതിനുള്ള ലിഗാര്‍ സര്‍വേ നടന്നുവരികയാണെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 52 സെക്കന്‍ഡുകള്‍ കൊണ്ടു 100 കിമീ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് വന്ദേഭാരത് ട്രെയിനുകള്‍. മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയനഷ്ടമില്ല. ഇത്രയും വേഗത്തില്‍ ട്രെയിന്‍ പോകുമ്പോള്‍ റെയില്‍പാത ക്രോസ് ചെയ്യുന്ന കാല്‍നടക്കാരുടെ സുരക്ഷിതത്വവും ചോദ്യമായി ഉയരുന്നുണ്ട്. നിലവിലെ ട്രെയിനുകളുടെ വേഗതയനുസരിച്ചാണ് റെയില്‍വെ ട്രാക്കുകളിലൂടെ കാല്‍നടക്കാര്‍ ക്രോസ് ചെയ്യുന്നത്. പലരും ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കാണുമ്പോഴും അതിന്റെ വേഗത കണക്കുകൂട്ടി ക്രോസ് ചെയ്യാന്‍ ധൈര്യപ്പെടും. 160 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കാന്‍ കഴിയുന്ന റൂട്ടുകളില്‍ ട്രാക്കുകള്‍ ക്രോസ് ചെയ്യുന്നതിന് പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആളപായത്തിന് സാധ്യത ഏറെയാണ്.

 

Latest News