കോട്ടയം - ബേക്കറിയിലെ ഗൂഗിള്‍ പേ അക്കൗണ്ടില്‍ തിരിമറി നടത്തി 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റിലായി. ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു ഇയാള്‍. സ്ഥാപനത്തിലെ ഗൂഗില്‍ പേ അക്കൗണ്ടിന്റെ നമ്പര്‍ മറച്ച് വെച്ച് സ്വന്തം ഗൂഗില്‍ പേ നമ്പറിന്റെ ക്യൂ ആര്‍ കോഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് മേബിള്‍ വര്‍ഗീസ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്‍പ്പന നടത്തി പണം തട്ടുകയും ചെയ്തു. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടെത്തിയതോടെയാണ് ബേക്കറി ഉടമ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ മേബിള്‍ വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു.