വട്ടമേശ സമ്മേളന കാലഘട്ടത്തിൽ അംഗീകരിക്കപ്പെട്ട കമ്യൂണൽ അവാർഡ്, പുനെ പാക്റ്റിലൂടെ ദുർബലപ്പെടുത്തപ്പെട്ടത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ദുരന്തമാണ്. അപരിഷ്‌കൃതരായ ഇതര ലോകത്തെ നയിക്കാൻ യൂറോപ്പിന്, അവിടത്തെ വെളുത്ത ആണധികാരത്തിന് അവകാശമുണ്ടെന്ന ധാരണക്ക് സമാനമായിരുന്നു ഇന്ത്യയിൽ ബ്രാഹ്മണിസ്റ്റ് വംശീയതക്ക് മറ്റു ഉപവിഭാഗങ്ങളെ നയിക്കാനവകാശമുണ്ടെന്ന വിശ്വാസം. ഇതിനെ അടിമുടി തകർക്കാനായിരുന്നു പ്രാതിനിധ്യത്തിനായുള്ള വാദത്തിലൂടെ അംബേദ്കർ ശ്രമിച്ചത്.
രാജ്യം ഒരിക്കൽ കൂടി അംബേദ്കർ ജന്മദിനം ആഘോഷിക്കുകയാണ്. ഒരു കാലത്ത് പാഠപുസ്തകങ്ങളിൽ ഭരണഘടന ശിൽപി എന്ന പേരിൽ മാത്രം സൂചിപ്പിച്ചിരുന്ന അംബേദ്കർ ഓരോ വർഷം കഴിയും തോറും കൂടുതൽ കൂടുതൽ പ്രസക്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അംബേദ്കർ രാഷ്ട്രീയത്തെ പരമാവധി തടഞ്ഞ ചരിത്രമുള്ള കേരളത്തിൽ പോലും അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കപ്പെടുന്നു. രാജ്യം മാത്രമല്ല, ലോകം തന്നെ വിജ്ഞാന ദിനം എന്ന പേരിൽ അംബേദ്കർ ദിനാഘോഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അംബേദ്കർ ചിന്തകളെ സ്പർശിക്കാതെ ഒരു തരത്തിലുള്ള ഗൗരവമായ രാഷ്ട്രീയ സംവാദവും നടക്കാത്ത രീതിയിൽ ലോകം മാറിയിരിക്കുന്നു.
ജനാധിപത്യമെന്ന രാഷ്ട്രീയ സംവിധാനം നേരിടുന്ന വെല്ലുവിളികളാണല്ലോ ഇന്നു ലോകത്തെ പ്രമുഖ രാഷ്ട്രീയ ചിന്തകരുടെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയിലും ജനാധിപത്യം അപകടത്തിൽ എന്നത് വലിയ ചർച്ചാവിഷയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജനാധിപത്യത്തെ കുറിച്ചുള്ള അംബേദ്കറുടെ നിലപാടുകൾ ഏറെ പ്രസക്തമാകുന്നത്. രാഷ്ട്രീയ ജനാധിപത്യം വിജയകരമാകണമെങ്കിൽ അടിസ്ഥാനപരമായി സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാദഗതി. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. സാമൂഹിക ജനാധിപത്യം നിലവിലില്ലാത്ത ഒരു സമൂഹത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ നടത്തിയാലും രാഷ്ട്രീയ ജനാധിപത്യം വിജയിക്കില്ല എന്ന് അംബേദ്കർ വിശ്വസിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ മുകളിൽ നിന്നു ജനാധിപത്യം നടപ്പാക്കിയാലും അത് വിജയിക്കാൻ പോകുന്നില്ലെന്ന് അംബേദ്കർക്ക് ഉറപ്പായിരുന്നു. അദ്ദേഹം അന്നു പറഞ്ഞതു പോലെ തന്നെയാണ് ഇന്ത്യൻ ജനാധിപത്യവും സമൂഹവും മുന്നോട്ടു പോയതെന്നും ഇന്നെത്തിച്ചേർന്നിരിക്കുന്നതെന്നും കാണാം. ഇപ്പോഴും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ ഇന്ത്യൻ ജനാധിപത്യത്തിനായിട്ടില്ല. അത്തരമൊരവസ്ഥയെ മറികടക്കാൻ, സാമൂഹിക ജനാധിപത്യത്തിലേക്കുള്ള ഒരുപടി എന്ന രീതിയിൽ അദ്ദേഹം വിഭാവനം ചെയ്ത സംവരണം എന്ന നടപടിക്കു പോലും കാര്യങ്ങൾ കാര്യമായി മാറ്റിമറിക്കാനായിട്ടില്ല എന്നു കാണാം. എന്നിട്ടും അതിനെ പോലും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണുതാനും.
ഒരു സമ്പൂർണ ജനാധിപത്യക്രമമായി ഇന്ത്യൻ ജനാധിപത്യം മാറണമെങ്കിൽ ജാതിയിലധിഷ്ഠിതമായ ഹിന്ദു സോഷ്യൽ ഓർഡറിനെ വിമർശന വിധേയമാക്കുകയും മാറ്റിമറിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അംബേദ്കർ കരുതി. വ്യക്തികൾക്ക് പകരം വർണമാണ് ഹിന്ദു സോഷ്യൽ ഓർഡറിന്റെ അടിത്തറ. ഒരു വ്യക്തിക്ക് സവിശേഷ പരിഗണന കിട്ടുന്നുണ്ടെങ്കിൽ, അത് വ്യക്തി എന്ന നിലയിൽ കിട്ടുന്നതല്ല, ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടത് കൊണ്ടുമാത്രം ലഭിക്കുന്നതാണ്. അതുപോലെ ഒരു വ്യക്തി ഒരു തിന്മ കൊണ്ട് പ്രയാസമനുഭവിക്കുന്നുണ്ടെങ്കിൽ അതും അയാളുടെ ചെയ്തി കൊണ്ടല്ല; മറിച്ച് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടതുകൊണ്ടാണ് എന്ന് അംബേദ്കർ ചൂണ്ടിക്കാട്ടി. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മണ്ഡലങ്ങളെയും അത് ഗ്രസിച്ചിരിക്കുന്നു. ജാതി, തൊഴിലുകളിൽ നിന്ന് മാറാൻ കഴിയാത്ത ശാശ്വതമായ തൊഴിൽ വിഭജനവുമാണ്. ഈ തൊഴിൽ വിഭജനമാകട്ടെ വ്യക്തികളുടെ കഴിവനുസരിച്ചല്ല; മറിച്ച് ജന്മസിദ്ധമായി കണക്കാക്കി വരുന്നു. സാങ്കേതികമായി ഇതെല്ലാം മാറി എന്നു പറയാമെങ്കിലും സൂക്ഷ്മപരിശോധനയിൽ ഇപ്പോഴും ഏറെക്കുറെ അതു തന്നെയാണ് അവസ്ഥ എന്നു കാണാം.
വ്യക്തിയുടെ പൂർണ സ്വാതന്ത്ര്യവും വ്യക്തികൾ തമ്മിൽ അനുസ്യൂതം വികസിക്കേണ്ട സാഹോദര്യവുമാണ് ജനാധിപത്യത്തിന്റെ കാതലായി അംബേദ്കർ കണ്ടിരുന്നത്. 'വ്യക്തിയാണ് പരമോന്നതമായി നിലനിൽക്കേണ്ടത്, സമൂഹത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും വ്യക്തിയുടെ വളർച്ചയും വ്യക്തിത്വത്തിന്റെ വികാസവുമാണ്. സമൂഹം മുകളിലാകാൻ പാടില്ല; ഏതെങ്കിലും സാഹചര്യത്തിൽ വ്യക്തി സമൂഹത്തിന് കീഴ്പെടേണ്ടി വരികയാണെങ്കിൽ, ആവശ്യത്തിന് മാത്രവും അത് വ്യക്തിയുടെ ഉന്നമനത്തിനുമായിരിക്കണം. രണ്ടാമത്തെ കാര്യം, സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കണം. തെറ്റ്, ശരി എന്നിവയെ ജഡ്ജ് ചെയ്യാനുള്ള ആധുനിക സമൂഹത്തിന്റെ മാനദണ്ഡം നീതിയായിരിക്കണം' -അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹോദര്യവും സ്വാതന്ത്ര്യവും സ്ഥാപിക്കാൻ സമത്വത്തിന് വേണ്ടിയള്ള സന്ധിയില്ലാത്ത സമരം അനിവാര്യമാണെന്നും അംബേദ്കർ കരുതി.
തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി മർദിതവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യത്തിലെ പ്രാതിനിധ്യത്തെക്കുറിച്ച് അംബേദ്കർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്നു. വട്ടമേശ സമ്മേളന ഘട്ടത്തിലും ഭരണഘടന നിർമാണ അസംബ്ലിയുടെ വേളയിലും ജനാധിപത്യത്തിലെ പ്രതിനിധാനത്തിന് വേണ്ടിയാണ് അദ്ദേഹം പൊരുതിയത്. അയിത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലമെന്ന വാദമായിരുന്നു അംബേദ്കർ ? ഗാന്ധി സംവാദത്തിലെ മുഖ്യ വിഷയം. വട്ടമേശ സമ്മേളന കാലഘട്ടത്തിൽ അംഗീകരിക്കപ്പെട്ട കമ്യൂണൽ അവാർഡ്, പുനെ പാക്റ്റിലൂടെ ദുർബലപ്പെടുത്തപ്പെട്ടത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ദുരന്തമാണ്. അപരിഷ്‌കൃതരായ ഇതര ലോകത്തെ നയിക്കാൻ യൂറോപ്പിന്, അവിടത്തെ വെളുത്ത ആണധികാരത്തിന് അവകാശമുണ്ടെന്ന ധാരണക്ക് സമാനമായിരുന്നു ഇന്ത്യയിൽ ബ്രാഹ്മണിസ്റ്റ് വംശീയതക്ക് മറ്റു ഉപവിഭാഗങ്ങളെ നയിക്കാനവകാശമുണ്ടെന്ന വിശ്വാസം. ഇതിനെ അടിമുടി തകർക്കാനായിരുന്നു പ്രാതിനിധ്യത്തിനായുള്ള വാദത്തിലൂടെ അംബേദ്കർ ശ്രമിച്ചത്.
കേരളത്തിലും അംബേദ്കർ ചിന്തകൾ സജീവമാകുകയാണെന്നു പറഞ്ഞല്ലോ. മാർക്‌സിന്റെയും അംബേദ്കറുടെയും പരസ്പരവിരുദ്ധമെന്നു തോന്നുന്ന സാമൂഹിക വീക്ഷണങ്ങളാണ് മാർക്‌സിസത്തിനു പ്രാമുഖ്യമുള്ള കേരളത്തിൽ അംബേദ്കറെ ഏറെക്കാലം തടഞ്ഞുനിർത്തിയത്. സമൂഹം വർഗപരമായാണ് വിഭജിച്ചിരിക്കുന്നതെന്ന മാർക്‌സിന്റെ ആശയം അതേപടി സ്വീകരിച്ച കമ്യൂണിസ്റ്റുകാർക്ക് വർഗം അടിത്തറയും ജാതി ഉപരിഘടനയുമായിരുന്നു. വളഞ്ഞുവെച്ച് അടച്ചുകളഞ്ഞ ഒരു വർഗമാണ് ജാതിയെന്നായിരുന്നു അംബേദ#്കർ പറഞ്ഞത്. ഇന്ത്യയിലെ അധ്വാന വർഗം കീഴാള ജാതികളാണെന്നും ഉപരി മധ്യവർഗങ്ങൾ ജാതി ഹിന്ദുക്കളായ സവർണരാണെന്നുമുള്ള വസ്തുത അംബേദ്കർ വ്യക്തമാക്കി. ഇതിനെ ഇടതുപക്ഷം പൂർണമായും അവഗണിക്കുകയായിരുന്നു. ഇന്ത്യയിലെ പുറന്തള്ളലിന്റെ മുഖ്യ കാരണം വർഗമല്ല, ജാതി തന്നെയാണെന്ന് മണ്ഡൽ കമ്മീഷൻ റിപ്പോട്ട് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയിട്ടും ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടില്ല. അതിനാലാണ് വർഗ നിലപാടിൽ സാമ്പത്തിക വാദത്തിലും ഊന്നിനിന്ന് സാമ്പത്തിക സംവരണത്തിനായി അവർ നിലപാടെടുക്കുന്നതും ജാതിസംവരണത്തെ എതിർക്കുന്നതും കമ്യൂണിസ്റ്റായാൽ ജാതിയെ മറികടന്നു എന്നു വിശ്വസിക്കുന്നതും. സംവരണമെന്നത് സാമ്പത്തിക അസമത്വത്തെ മറികടക്കാനോ തൊഴിൽ ലഭിക്കാനോ ഉള്ള പദ്ധതിയല്ലെന്നും സാമൂഹ്യ ജീവിതത്തിൽ നിന്ന് നൂറ്റാണ്ടുകളോളം അയിത്തം കൽപിക്കപ്പെട്ട വിഭാഗങ്ങൾക്ക് അങ്ങോട്ടു കടന്നുവരാനും അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർക്ക് അവിടേക്കു പ്രവേശനം സാധ്യമാക്കാനുമുള്ള നടപടി മാത്രമാണെന്നും അവർക്ക് മനസ്സിലാകാത്തത് അതുകൊണ്ടാണ്. ജനാധിപത്യമെന്നാൽ രാഷ്ട്രീയ ഭരണകൂട രൂപം മാത്രമല്ലെന്നും സാമൂഹിക ജനാധിപത്യം കൂടി അതിന്റെ ഭാഗമാണെന്നും മനസ്സിലാക്കുമ്പോഴേ കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ ഫലപ്രദമായി ഇടപെടാനാകൂ. സമീപ കാലത്ത് ജാതിയെ കുറിച്ചൊക്കെ പറയുമ്പോഴും അംബേദ്കറൈറ്റുകളെ വർഗസമരത്തെ തകർക്കുന്ന സ്വത്വ രാഷ്ട്രീയക്കാർ എന്നാണവർ വിശേഷിപ്പിക്കുന്നത്. ഹിന്ദു സമൂഹം ഏകശിലാഖണ്ഡമല്ല എന്ന സത്യം വിളിച്ചുപറയുന്നു എന്നതിനാൽ ഹിന്ദുത്വ വാദികളും ജാതി സംവരണത്തെയും അംബേദ്കറൈറ്റുകളെയും എതിർക്കുന്നു എന്നതാണ് മറ്റൊരു വൈരുധ്യം.
ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലും അംബേദ്കർ ചിന്ത വളരുകയാണ്, വിദ്യാർത്ഥികളെ ഇപ്പോൾ ഏറ്റവും ആകർഷിക്കുന്നത് അംബേദ്കറാണെന്നാണ് വ്യക്തമാകുന്നത്. ജെൻഡറുമായി ബന്ധപ്പെട്ട യോഗങ്ങളിലും ചില മുസ്‌ലിം സംഘടന യോഗങ്ങളിലും അംബേദ്കറൈറ്റ് യോഗങ്ങളിലുമാണ് കാര്യമായി ചെറുപ്പക്കാരുടെ പങ്കാളിത്തം കാണാനാവുന്നുള്ളൂ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വരുംകാല രാഷ്ട്രീയത്തെ നയിക്കാൻ പോകുന്നത് അംബേദ്കർ ചിന്തകളാണെന്നതു തന്നെയാണ് ഇതെല്ലാം നൽകുന്ന സൂചന. ഇന്ത്യയിൽ ശക്തമാകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ പോകുന്നത് മറ്റാരുമായിരിക്കില്ല. അതൊക്കെ തന്നെയാണ് ഈ അംബേദ്കർ ജയന്തിയെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്.