ആന്റിഗ്വ- ഇന്ത്യയില്‍ കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ പുറത്താക്കേണ്ടതില്ലെന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കോടതി ഉത്തരവ്. 13500 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മെഹുല്‍ ചോക്‌സിക്ക് അനുകൂലമായാണ് രാജ്യത്തെ ഹൈക്കോടതിയുടെ ഉത്തരവ്. ചികിത്സ നിഷേധിക്കുകയാണെന്നും മറ്റും ആരോപിച്ച് ചോക്‌സി നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങിളില്‍ ആന്റിഗ്വ അറ്റോര്‍ണി ജനറലും പോലീസും വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ വാദം പൂര്‍ത്തിയാക്കി കോടതി ഉത്തരവ് വരുന്നതുവരെ ചോക്‌സിയെ രാജ്യത്തുനിന്ന് പുറത്താക്കന്‍ പാടില്ല.
2017ല്‍ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചോക്‌സി ആന്റിഗ്വയിലേക്ക് കടന്നത്. ഇവിടത്തെ പൗരത്വവും ചോക്‌സി സ്വന്തമാക്കിയിരുന്നു.