തിരുവനന്തപുരം - നാട്ടുകാര്‍ക്ക് ശല്യമായി മാറിയ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. അരിക്കൊമ്പന്‍ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരെ പറമ്പിക്കുളം പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇതിന് സുപ്രീം കോടതി വഴി പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആനയെ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യമാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുക. ജനവാസ മേഖലയുടെ അടുത്തുള്ള വനപ്രദേശത്തേക്ക് മാറ്റുന്നത് സാധ്യമായ കാര്യമല്ലെന്നും എവിടേക്ക് മാറ്റിയാലും കടുത്ത എതിര്‍പ്പുണ്ടാകുമെന്നും വനം വകുപ്പിന് ബോധ്യമുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ ദൗത്യം അനിശ്ചിതത്വത്തിലായിരുന്നു. ആനയെ മാറ്റാന്‍ പറ്റുന്ന സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ത്രിശങ്കുവിലായി. ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഒരുക്കിയ സംവിധാനങ്ങളെല്ലാം പാഴാകുകയാണ്. ഓപ്പറേഷന് ഇതുവരെ 7 ലക്ഷം രൂപ ചിലവായി കഴിഞ്ഞു. ഒരു മാസത്തോളമായി നാല് കുങ്കിയാനകളും ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്. വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവയുടെ പാപ്പാന്മാര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കും വീട്ടില്‍ പോകാനായിട്ടില്ല. 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷണമെന്ന നിര്‍ദേശവും ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടുണ്ട്. ദൗത്യം നീളുന്നതോടെ ചിന്നക്കനാല്‍, ശാന്തന്‍ പാറമേഖലയിലെ ജനങ്ങള്‍ വേവലാതിയിലാണ്.