Sorry, you need to enable JavaScript to visit this website.

ലീഗ് വഞ്ചിച്ചെന്ന പ്രചാരണം തെറ്റെന്ന് രാധിക വെമുല; പിന്നില്‍ ആര്‍എസ്എസെന്ന് രോഹിതിന്റെ സഹോദരന്‍

ഹൈദരാബാദ്- വീട് നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം ചെയത് മുസ്ലിം ലീഗ് തന്നെ വഞ്ചിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല വ്യക്തമാക്കി. തന്നെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തിയെന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നും വഞ്ചിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് ചെക്കുകളാണ് മുസ്ലിം ലീഗ് രോഹിത് വെമുലയുടെ കുടുംബത്തിന് നല്‍കിയിരുന്നത്. ഇതിലൊന്ന് കാശില്ലാതെ മടങ്ങിയെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതും കുടുംബം നിഷേധിച്ചു. ചെക്കുകളിലൊന്ന് സാങ്കേതിക പ്രശ്‌നം മൂലമാണ് മടങ്ങിയത്. പണമില്ലാഞ്ഞിട്ടല്ല. ഭൂമി വാങ്ങാന്‍ ലീഗ് ഇതുവരെ അഞ്ചു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. റമദാനു ശേഷം 10 ലക്ഷം രൂപ കൂടി നല്‍കുമെന്ന് നേരത്തെ അറിയിച്ചതാണ്. ഇതാണ് വസ്തുത എന്ന് രോഹിതിന്റെ സഹോദരന്‍ രാജ് വെമുല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് സംഘപരിവാറിന്റെ ആളുകള്‍ ഹാക്ക് ചെയ്ത് കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ചതാണെന്നും തങ്ങളുന്നയിക്കാത്ത ആരോപണങ്ങളാണ് തങ്ങളുടെ മേല്‍ പ്രചരിപ്പിക്കപ്പെട്ടതും രാജ് വ്യക്തമാക്കി. ബിജെപിയേയും ആര്‍ എസ് എസിനേയും എതിര്‍ക്കുന്ന എല്ലാവരേയും തങ്ങള്‍ പിന്തുണയ്ക്കുമെന്നും രാജ് പറയുന്നു.

'വീടു നിര്‍മ്മിക്കാന്‍ മുസ്ലിം ലീഗ് ഞങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ആ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കാന്‍ അമ്മ രാധിക വെമുല ലീഗില്‍ നിന്നും പണം വാങ്ങിയെന്നത് ശുദ്ധ നുണയാണ്. സംഘപരിവാര്‍ തെമ്മാടികള്‍ ഈ വ്യാജ പ്രചാരണവുമായി പോയി തുലയട്ടെ,' രാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 

Latest News