Sorry, you need to enable JavaScript to visit this website.

പ്രവാസിയെ തട്ടിക്കൊണ്ടു പോയതില്‍ സര്‍വ്വത്ര ദുരൂഹത, കര്‍ണ്ണാടകയിലേക്ക് കടത്തിയെന്ന് സംശയം

കോഴിക്കോട് - പ്രവാസി യുവാവിനെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ക്രിമിനല്‍ സംഘം തുടര്‍ച്ചയായി വീഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ടുകൊണ്ട് പോലീസിനെ വെല്ലുവിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരാകട്ടെ യാതൊരു എത്തും പിടിയും കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണ്. ആക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയിലാണ് പ്രവാസിയായ പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടു പോയ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം. 
സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഷാഫിയുടെ ആദ്യ വീഡിയോ ക്ലിപ്പിന് പിന്നാലെ ഇന്നലെ രണ്ടാമത്തെ വീഡിയോയും പുറത്തിറങ്ങിയത്  പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫി എവിടെയാണെന്നതിനെക്കുറിച്ച് ഒന്‍പത് ദിവസമായിട്ടും പോലിസിന് യാതൊരു പിടിയുമില്ല. അന്വേഷണത്തിനായി റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രതികളിലേക്ക്  എത്തിച്ചേരാന്‍ പോലീസിന് കഴിയുന്നില്ല. ഷാഫിയെ കര്‍ണ്ണാടകയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തിയെന്ന ബലമായ സംശയമാണ് പോലീസിനുള്ളത്.
താനും സഹോദരനും ചേര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് സൗദി രാജകുടുംബത്തിന്റെ 80 കോടിയോളം വില മതിക്കുന്ന സ്വര്‍ണ്ണം കടത്തിക്കൊണ്ടു വന്നെന്നും അതിന്റെ വിഹിതം ചോദിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഒരു വീഡിയോ ക്ലിപ്പിലൂടെയുള്ള മുഹമ്മദ് ഷാഫിയുടെ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരിന്നു. സൗദിയിലെ ഒരു നമ്പറില്‍ നിന്ന് ഒരു ദൃശ്യമാധ്യമത്തിലേക്കാണ് പ്രൊഫഷണല്‍ കിഡ്‌നാപ്പേഴ്‌സ് എന്ന് സ്വയം അവകാശപ്പെട്ട സംഘം അയച്ചുകൊടുത്തത്. അതിന് തൊട്ടു പിന്നാലെ ഇന്നലെ ഷാഫിയുടെ രണ്ടാമത്തെ വീഡിയോ ക്ലിപ്പും പുറത്തിറങ്ങി. ഇതില്‍ സഹോദരനെ കുറ്റപ്പെടുത്തിയാണ് മുഹമ്മദ് ഷാഫി സംസാരിക്കുന്നത്. 
തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുന്‍കൈ എടുത്ത സഹോദരന്‍ ഒടുവില്‍ തന്നെ കയ്യൊഴിയുകയാണെന്നും സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവ് സൂചന നല്‍കിയിരുന്നുവെന്നും മുഹമ്മദ് ഷാഫി വീഡിയോയില്‍ പറയുന്നുണ്ട്.ഇതിന് പുറമെ ഷാഫിയെ തട്ടിക്കൊണ്ടു പോയതിന്റെ സൂത്രധാരനെന്ന് കുടുംബം സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ സാലിയുടെ മറ്റൊരു വീഡിയോയും രണ്ടു ദിവസം മുന്‍പ് പുറത്തു വന്നിരുന്നു.  ഇതില്‍ ഷാഫി പറഞ്ഞ കാര്യങ്ങളല്ലൊം സാലി നിഷേധിക്കുകയാണ്. 
ഈ മുന്ന് വീഡിയോകളുടെയും ഉറവിടത്തെക്കുറിച്ച്  പോലീസ്  അന്വേഷിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ക്രിമിനല്‍ സംഘത്തിന്റെ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായുള്ള നാടകമാണ് വീഡിയോ ക്ലിപ്പുകള്‍ക്ക് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. മുഹമ്മദ് ഷാഫിയെ മാത്രമല്ല ക്രിമിനല്‍ സംഘം ലക്ഷ്യം വെച്ചതെന്നും മറ്റു ചിലരെ ഭയപ്പെടുത്താന്‍ വേണ്ടി കൂടിയാണ് വീഡിയോ ക്ലിപ്പുകള്‍ പുറത്തു വിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മുഹമ്മദ് ഷാഫിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വീഡിയോ റിക്കാര്‍ഡ് ചെയ്ത് പുറത്തിറക്കുകയാണ് ചെയ്യുന്നതെന്നാണ് നിഗമനം. സ്വര്‍ണ്ണക്കടത്ത് -ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടവരില്‍ നിന്ന് പണം തട്ടാനുള്ള ലക്ഷ്യമാണോ ഇതിന് പിന്നിലെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. 
വീഡിയോയില്‍ മുഹമ്മദ് ഷാഫി പറയുന്ന സ്വര്‍ണ്ണ മോഷണത്തിന്റെ കാര്യം ഷാഫിയുടെ കുടുംബാംഗങ്ങള്‍ നിഷേധിക്കുകയാണ്. അത്തരമൊരു കാര്യം നടന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ഇത് ഷാഫിയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നുമുള്ള മൊഴിയാണ് ഇവര്‍ പോലീസിന് നല്‍കിയത്. കോവിഡിന് മുന്‍പ് ദുബായില്‍ ബിസിനസ് നടത്തിയിരുന്ന മുഹമ്മദ് ഷാഫി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയിലേക്ക് പോയിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. 
കേരളത്തിന് പുറത്തുള്ള ക്രിമിനലുകള്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്നും മുഹമ്മദ് ഷാഫിയ്ക്ക് സ്വര്‍ണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്നും തട്ടിക്കൊണ്ടു പോകല്‍ നടന്നതിന്റെ പിറ്റേദിവസം തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കാസര്‍കോഡ് നിന്ന് മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ താമരശ്ശേരിയില്‍ കൊണ്ടു വന്ന് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവരിലൂടെ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയവരിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ക്രിമിനല്‍ സംഘത്തിലെ ചിലര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കാസര്‍കോഡ് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഗള്‍ഫിലുള്ള കാസര്‍കോഡ് സ്വദേശിയുടെ കാര്‍ പലരും കൈമാറിയിട്ടാണ് ക്രിമിനല്‍ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. കാര്‍ വാടകയ്ക്ക് നല്‍കുകയാണുണ്ടായതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ പറയുന്നത്. കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ പറ്റിയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ചെര്‍ക്കളയിലെ ഒരു വര്‍ക്‌ഷോപ്പില്‍ കയറ്റിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കാര്‍ പിടികൂടിയത്.
മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരിപ്പൂരില്‍ നിന്ന് കണ്ടെടുക്കുകയുമുണ്ടായി. ക്രിമിനല്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. ആയുധങ്ങളുമായെത്തിയ നാലംഗ സംഘം  ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിയിരുന്നെങ്കിലും ആളുകളുടെ എണ്ണം കൂടിയതുകൊണ്ട്  കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

Latest News