തിരുവനന്തപുരം- സുരക്ഷ ജോലി എന്ന പേരിൽ പോലീസുകാരുടെ പുറംജോലി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധി രാഷ്ട്രീയ മത നേതാക്കളുടെ സുരക്ഷ എന്ന പേരിൽ നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മുൻ മന്ത്രിമാർക്കും എം.പിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെല്ലാം ഇത്തരത്തിൽ വി.ഐ.പി ഡ്യൂട്ടി എന്ന പേരിൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
മാതാ അമൃതാനന്ദമയിക്കൊപ്പം ആറു പോലീസുകാരാണുള്ളത്. രണ്ടു വർഷത്തിലേറെ ഒരാൾക്കൊപ്പം പേഴ്‌സണൽ ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്ന് ചട്ടമുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. നേതാവിന്റെ ഇഷ്ടം നോക്കി അവർക്കൊപ്പം തന്നെ വർഷങ്ങളോളം പോലീസുകാർ ചെലവിടും.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഇതുപോലെ സ്വകാര്യആവശ്യങ്ങൾക്കായി പോലീസുകാരെ ചുതമലപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് 36 പോലീസുകാരാണ് സേവന സന്നദ്ധരായുള്ളത്. എം.പിമാരായ വയലാർ രവി, കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ശശി തരൂർ, കെ.സി വേണുഗോപാൽ എന്നിവർക്കൊപ്പം രണ്ടു വീതം പോലീസുകാരുണ്ട്. എ.കെ ആന്റണിക്ക് ആറു പോലീസുകാരും. 87 ജഡ്ജിമാർക്കായി 146 പോലീസുകാർ വേറെയും.