കാസർകോട് -
പാവമായിരുന്നു എന്റെ കുട്ടി. വിജയകുമാറിനോട് അവൻ ഒന്നുമുഖം കറുത്ത് സംസാരിക്കുകപോലും ചെയ്തിരുന്നില്ല.എന്നോടുള്ള വിരോധം വിജയകുമാർ മകനോട് തീർക്കുകയായിരുന്നു. വിജയകുമാറനോട് വഴക്കിനൊന്നും പോയിരുന്നില്ല. എന്നിട്ടും എനിക്കും കുടുംബത്തിനും ഈ വിധി വന്നു.
കാസർക്കോട് കൊല്ലപ്പെട്ട എട്ടുവയസുകാരൻ ഫഹദിന്റെ ഉപ്പ അബ്ബാസ് കണ്ണീരോടെ പറയുന്നു. ഫഹദിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ കണ്ണോത്തെ വിജയകുമാറിനെ(34) ഇന്നലെയാണ് ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാർ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധി പുറത്തുവന്ന ശേഷം പ്രതികരിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർ കൂടിയായ ഫഹദിന്റെ പിതാവ് വിജയകുമാർ.
എന്റെ മകനെ ഇല്ലാതാക്കിയ ആൾക്ക് വധശിക്ഷ നൽകണമായിരുന്നു. എന്നിരുന്നാലും ജീവപര്യന്തം ശിക്ഷ വിധിച്ച കോടതിവിധിയെ മാനിക്കുന്നു. നഷ്ടമായ മകന്റെ ജീവൻ ഒരിക്കലും തിരിച്ചുകിട്ടില്ല. ജീവിതകാലം മുഴുവൻ പ്രതി ജയിലിൽ കിടക്കുകയെങ്കിലും ചെയ്യട്ടെ. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് അയാൾ മാനസികരോഗം അഭിനയിച്ചത്. വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട വിജയകുമാർ ബുദ്ധിമാനായ കൊലയാളിയാണ്. ഇനിയൊരാൾക്കും എന്റെ കുടുംബത്തിനുണ്ടായതുപോലെയുള്ള ദുരന്തം ഉണ്ടാകരുത്. കൺമുന്നിൽ എന്നും നിലവിളിക്കുന്ന പൊന്നുമോന്റെ മുഖമാണെന്നും ഇതിനപ്പുറം ഒരു പിതാവിന് എന്ത് വേദനയാണുള്ളതെന്നും അബ്ബാസ് ചോദിക്കുന്നു.
ഫഹദിനെ കൊലപ്പെടുത്താൻ കാരണം അന്യമത വിദ്വേഷം- പ്രോസിക്യൂഷൻ
എട്ടുവയസുകാരൻ ഫഹദിനെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചത് അന്യമതവിദ്വേഷമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി; മതവിദ്വേഷവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷൻ. മൃഗീയ സ്വഭാവവും അന്യമതവിദ്വേഷവും പ്രതിയെ അരുംകൊലക്ക് പ്രേരിപ്പിച്ചു. കൊല്ലപ്പെട്ട കുട്ടിയോട് ഒരു ശത്രുതയും പ്രതിക്കുണ്ടായിരുന്നില്ല. കുട്ടിയാണെന്ന പരിഗണനപോലും നൽകാതെ പ്രതി നടത്തിയ ക്രൂരകൃത്യം മനുഷ്യമനസാക്ഷിയെ നടുക്കുന്നതായിരുന്നു. സമൂഹത്തിന് ഭീഷണിയായ പ്രതി വിജയകുമാറിന് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പതി വിജയകുമാർ മാനസികാരോഗ്യമുള്ള ആളാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി രാഘവൻ വ്യക്തമാക്കി. സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് പ്രതി വാക്കത്തി കൊണ്ട് വെട്ടിക്കൊന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. താൻ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി വാദിച്ചു. സ്വയരക്ഷക്കുവേണ്ടിയാണ് കൊല നടത്തിയതെന്നും വിജയൻ പറഞ്ഞു. എന്നാൽ പ്രതിയുടെ വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പൂർണമായും തള്ളി.
2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തൻമുള്ളിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാർഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയൻ വാക്കത്തിയുമായി ഇവർക്ക് സമീപമെത്തിയത്.ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടർന്ന് കുട്ടിയെ വിജയൻ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. നാട്ടുകാരെത്തി ഫഹദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
വിജയനെതിരെ ബേക്കൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താൻ വിജയന് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുർഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്.പിന്നീട് കേസിന്റെ ഫയലുകൾ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ 50 സാക്ഷികളെ കോടതി വിസ്തരിച്ചു.