ഷൊര്‍ണൂര്‍- എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോള്‍ വാങ്ങിയ പമ്പിലും റെയില്‍വേ സ്റ്റേഷനിലും ഓട്ടോ സ്റ്റാന്റിലും തെളിവെടുപ്പ് നടന്നു. പ്രതിയെ പമ്പ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. പ്രതി 15 മണിക്കൂറോളം ചിലവഴിച്ച ഷൊര്‍ണൂരിലെ തെളിവെടുപ്പ് കേസില്‍ നിര്‍ണായകമാണ്.
വൈകീട്ട് 3.30 ഓടെയാണ് കനത്ത പോലീസ് കാവലില്‍ പ്രതിയെ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പിലെത്തിച്ചത്. പ്രതി ഷാറൂഖ് സെയ്ഫിയെ പമ്പ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അരമണിയ്ക്കൂറിനു ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക്, അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമേ പ്രതി വന്നിറങ്ങിയ റയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പ് ഉണ്ടായിരുന്നുള്ളു.തുടര്‍ന്ന് പ്രതി എത്തിയ ഓട്ടോസ്റ്റാന്റിലും തെളിവെടുപ്പിനെത്തിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും തിരിച്ചറിയല്‍ പരേഡും നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
ഏപ്രില്‍ രണ്ടിന് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ പുലര്‍ച്ചെ 4.49നാണ് പ്രതി ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തിയിരുന്നത്. വൈകീട്ട് 4 മണിയ്ക്ക് കുളപ്പുള്ളി ഇന്ത്യനോയില്‍ പമ്പിലെത്തി പെട്രോള്‍ ശേഖരിച്ചു. 15 മണിയ്ക്കൂറോളം പ്രതി ഷൊര്‍ണൂരില്‍ തങ്ങിയിരുന്നു .ഇതിനിടെ ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുത്തുന്ന സാഹചര്യ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു. ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ബാഗ് നഷ്ടപ്പെട്ട പ്രതിക്ക് വസ്ത്രം കിട്ടിയതിലാണ് പ്രധാന സംശയം.ഇതിനിടെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് അന്വേഷണസംഘം പൂര്‍ത്തിയാക്കി. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കേസില്‍ ഷാറൂഖിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്.