Sorry, you need to enable JavaScript to visit this website.

പിണറായിക്ക് ദീർഘായുസിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു, ദൈവം കേട്ടുവെന്ന് കെ.എം ഷാജി

കോഴിക്കോട്- അഴിമതിക്കേസിന്റെ ഘട്ടത്തിലെല്ലാം എനിക്കും മുഖ്യമന്ത്രി പിണറായി വിജയനും ദീർഘായുസ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നുവെന്ന് മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽനിന്ന് നിരപരാധിയായി പുറത്തിറങ്ങുന്നത് കാണാൻ പിണറായി വിജയൻ ദീർഘായുസോടെ ഉണ്ടായിരിക്കണമെന്നായിരുന്നു പ്രാർത്ഥന. കേസിൽ കുറ്റവിമുക്തനായപ്പോൾ ആ സന്തോഷമുണ്ടെന്നും ഷാജി കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 
 
ദാരിദ്യം അഭിനയിച്ച് ഞാൻ ശീലിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ അതൊരു മാർക്കറ്റാണ്. ഞാൻ അദ്ധ്വാനിച്ച് ജീവിച്ചവനാണ്. പൊതുപ്രവർത്തനം നടത്തി ജീവിക്കരുതെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്. എന്റെ പൈസക്കാണ് ജീവിക്കുന്നത്. സിലിക്കൺ വാലിയിൽ മക്കളുടെ പേരിൽ സമ്പത്തുണ്ടാക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അവിശുദ്ധമായ പണം ഇല്ല എന്ന് എനിക്കുറപ്പാണ്. പൊതുപ്രവർത്തകനെ സംബന്ധിച്ച് അഴിമതിക്കേസിനേക്കാൾ വലിയ ഒന്നില്ല. 
എതിരാളികളെ ഇല്ലാതാക്കുക എന്ന രീതി ആരും ഉപയോഗിക്കരുത്. ആ സ്‌കൂളിലുള്ള അധ്യാപകരെയും ജീവനക്കാരെയും ഒരുപാട് തവണ പീഡിപ്പിച്ചു. ആ സമയത്തെല്ലാം ആ മനുഷ്യർ എനിക്ക് കരള് പറിച്ചു കൂടെനിന്നു. 52 സാക്ഷികളിൽ കള്ളക്കേസ് കൊടുത്ത അധ്യാപകൻ അടക്കം മൂന്നുപേരാണ് വിജിലൻസിനെ പിന്തുണച്ചത്. അവരും കേട്ടറിവ് എന്നാണ് പറഞ്ഞത്.  എന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ ലോ കോളേജിലെ തല്ലുകൊള്ളിയായ എസ്.എഫ്.ഐക്കാരനായിരുന്നു. വിജിലൻസിൽ മാന്യമായി പെരുമാറിയ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. 
പുലിനോട് കളിക്കുമ്പോൾ എലിയെ പറ്റി പറയുന്ന പോലെയാണ് ജലീൽ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. ഞാൻ പിണറായിയോടാണ് പോരാടുന്നതെന്നും ഷാജി പറഞ്ഞു. പോരാട്ടത്തിൽ പാർട്ടി കൂടെയുണ്ടായിരുന്നു. അപ്രതീക്ഷിതമായ കോണുകളിൽനിന്ന് സഹായം ഉണ്ടായിരുന്നു. തന്റെ കൂട്ടുകാരെയും പീഡിപ്പിച്ചു. വ്യക്തിപരമായി പീഡിപ്പിക്കുകയാണ് ചെയ്തത്. 
പ്ലസ് ടു കോഴക്കേസിൽ തനിക്ക് നേരിടേണ്ടി വന്നത് അങ്ങേയറ്റത്തെ പീഡനങ്ങളായിരുന്നു. പണം വാങ്ങി എന്ന് പറയുന്ന സർക്കാർ ജീവനക്കാരെ പറ്റി അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. കോഴിക്കോട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. കെ.എം ഷാജിക്ക് ആശ്വാസമായി എന്ന രീതിയിലാണ് മീഡിയകളിൽ വാർത്ത വന്നത്. എന്നാൽ ഭരണകൂടം വേട്ടയാടുന്ന നിരവധി പേർക്കുളള ആശ്വാസമാണിത്. എതിരാളികളെ ഇല്ലാതാക്കുക എന്ന പണി രാഷ്ട്രീയത്തിൽ ആരും ചെയ്യരുത്. അതൊരു മര്യാദ കെട്ട പണിയാണ്. ജനാധിപത്യ പ്രക്രിയയിൽ ഒരു മുഖ്യമന്ത്രിക്ക് ഇതിനേക്കാൾ വലിയ ഒരടി കൊടുക്കാനില്ല. നിയമത്തിന്റെ വഴിയിലൂടെ പോയി മുഖ്യമന്ത്രി എനിക്ക് നേരെ വെട്ടിയത് 52 വോട്ടാണ്. ജനാധിപത്യത്തിന്റെ വഴിയിൽ മുഖ്യമന്ത്രിയെ 52 വെട്ട് വെട്ടിയതിന്റെ സന്തോഷം ഇപ്പോഴുണ്ടെന്നും ഷാജി വ്യക്തമാക്കി. 
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ഈ കേസ് ഉയർന്നത്. അഴീക്കോട് തോറ്റതിന്റെ ഏറ്റവും സുപ്രധാനമായ കാരണം ഈ കള്ളക്കേസായിരുന്നു. തന്റെ പേരിൽ ഈ കള്ളത്തരം പറഞ്ഞു പ്രചരിപ്പിച്ച് അവിടെ ഒരാളെ ജയിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ സാംഗത്യം സി.പി.എം പരിശോധിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. 
2017 സെപ്റ്റംബർ 19-നാണ് തനിക്കെതിരെ കുടുവൻ പദ്മാനഭൻ കേസ് കൊടുത്തത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പിടുന്നത്. അഴീക്കോട് നിന്ന് തിരുവനന്തപുരത്ത് പരാതി എത്തുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. കേസിൽ ഇ.ഡിയെ ക്ഷണിച്ചത് വിജിലൻസാണ്. ഇ.ഡി ചോദ്യം ചെയ്യലിൽ ഒരുദ്യോഗസ്ഥൻ എന്നോട് പിണറായിയോട് നന്നാകാൻ പറഞ്ഞു. ഓഫീസിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഭാര്യാ വീട്ടുകാരെ വിളിച്ച് ആക്ഷേപിച്ചുവെന്നും ഷാജി പറഞ്ഞു. 

ഭൂമിയിൽ വിളവെടുക്കുന്നതിനെ പറ്റി ഡി.വൈ.എഫ്.ഐക്കാർക്ക് അറിയില്ല. ഇഞ്ചിക്കൃഷിയെ പറ്റി കഞ്ചാവ് കൃഷി നടത്തിയ പോലെയാണ് പറഞ്ഞത്. 
സക്കാത്ത് പൈസ സർക്കാറിന് കൊടുക്കരുത് എന്ന് പറഞ്ഞതിനാണ് എന്നെ പീഡിപ്പിച്ചത്. ഞാൻ വിചാരിച്ചത് എനിക്ക് നല്ല ആരോഗ്യമുള്ള ആളാണ് എന്നായിരുന്നു. എന്നിട്ടും എനിക്ക് ഹാർട്ട് അറ്റാക്ക് വന്നു. മനസിന്റെ ബലം ശരീരത്തിന് ഉണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായി. ഫോൺ ഒരു വീട്ടിൽ വെച്ച് മറ്റൊരിടത്തേക്ക് മാറി. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്നോട് മാറാൻ പറഞ്ഞതെന്നും ഷാജി പറഞ്ഞു. 

കെ.എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. ഷാജിക്കെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആറും തുടർ നടപടികളും  റദ്ദാക്കിയത്. ഷാജിക്കെതിരെയുള്ള എഫ്.ഐ.ആറിൽ തുടർ നടപടി സ്വീകരിക്കുന്നതുകൊണ്ട് ശിക്ഷിക്കപ്പെടാനുള്ള സാധ്യതകളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.  അഴീക്കോട് എംഎൽഎയായിരിക്കെ 2016ൽ കെ. എം. ഷാജി അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്‌ലിം ലീഗ് മുൻ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയുടെ ആരോപണത്തെ തുടർന്നാണ് വിജിലൻസ്  അന്വേഷണം ആരംഭിച്ചത്. പ്രാദേശിക സി.പി.എം നേതാവിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് വിജിലൻസ് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നു ഷാജി കോടതിയിൽ ബോധിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനു വേണ്ടിയാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.  2017 യിൽ സിപിഎം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. സ്‌കൂൾ മാനേജ്മെന്റ് ഷാജിക്ക് പണം നൽകിയെന്ന ആരോപണം നിഷേധിച്ചുവെന്നു കോടതി കണ്ടെത്തി. ഷാജിക്ക് സ്‌കൂൾ മാനേജ്മെന്റ് പണം നൽകിയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആറിലോ പരാതിയിലോ ഏതെങ്കിലും സാക്ഷികളുടെ മൊഴികളിലോ ഷാജി പണം ആവശ്യപ്പെട്ടതായി പറഞ്ഞിട്ടില്ലെന്നു കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഷാജിക്കെതിരെ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ഷാജിക്കെതിരെ തുടർ നടപടി സ്വീകരിക്കുന്നത് കോടതിയുടെ സമയം ദുരുപയോഗം ചെയ്യലാകുമെന്നു കോടതി നിരീക്ഷിച്ചു.  ആദ്യം നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്നു കണ്ടു തള്ളിയിരുന്നെങ്കിലും പ്രോസിക്യൂഷൻ നിയമോപദേശത്തിൽ വീണ്ടും വിജിലൻസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ.എം ഷാജിയുടെ ചാലാട്ടെ വീട്ടിൽനിന്നും വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. 47 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇ.ഡിയും കെ.എം ഷാജിക്കെതിരേ കേസെടുത്തിരുന്നു.

Latest News