കോഴിക്കോട് - ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി സംഘത്തിന്റെ കസ്റ്റഡിയിലിരുന്നുകൊണ്ട് തുടര്‍ച്ചയായി വീഡിയോ ക്ലിപ്പുകള്‍ പുറത്തു വിടുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. തട്ടിക്കൊണ്ടുപോയിട്ട് എട്ട് ദിവസം പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നലെ മുഹമ്മദ് ഷാഫിയുടെ ഒരു വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് വീണ്ടും വീഡിയോ ക്ലിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോ ക്ലിപ്പുകളുടെ ഉറവിടത്തെ സംബന്ധിച്ചോ മുഹമ്മദ് ഷാഫി എവിടെയുണ്ടെന്നതിനെക്കുറിച്ചോ ഒരു സൂചനപോലും അന്വേഷണ സംഘത്തിന് ലഭിക്കുന്നില്ല. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വന്‍ ക്വട്ടേഷന്‍ സംഘമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള ക്രിമിനലുകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പുറത്ത് വന്ന വീഡിയോ ക്ലിപ്പുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
മുഹമ്മദ് ഷാഫിയുടെതായി ഇന്ന് പുറത്തിറങ്ങിയ വീഡിയോ ക്ലിപ്പില്‍ സഹോദരനെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുന്‍കൈ എടുത്ത സഹോദരന്‍ ഒടുവി്ല്‍ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നല്‍കിയിരുന്നെന്നും ഷാഫി വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഹമ്മദ് ഷാഫിയുടെതായി പുറത്ത് വന്ന വീഡിയോയില്‍ സഹോദരനും താനും ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണ തട്ടിപ്പിനെക്കുറിച്ചാണ് ഷാഫി പറയുന്നത് താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ നിന്ന് 325 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷാഫി വീഡിയോയില്‍ പറഞ്ഞിരുന്നു.. എത്രയും പെട്ടന്ന് എന്നെ റിലീസാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. കാര്യങ്ങള്‍ ആ രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ ആകെ പ്രശ്നമാകും. പിന്നെ ആലോചിച്ചിട്ട് കാര്യമുണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി മൂഹമ്മദ് ഷാഫിയെ നേരത്തെ ഭീഷണിപ്പെടുത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സംഘങ്ങളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കാസര്‍കോഡ് നിന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരിപ്പൂരില്‍ കണ്ടെടുക്കുകയുമുണ്ടായി. ക്രിമിനല്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു വെളുത്ത സ്വിഫ്റ്റ് കാറിലെത്തിയവരാണ് മുഹമ്മദ്ഷാഫിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും ആളുകളുടെ എണ്ണം കൂടിയതിനാല്‍ കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.