- ഇംഗ്ലണ്ട് 2-തുനീഷ്യ 1
വോൾഗോഗ്രാഡ് - ധീരമായി ചെറുത്തുനിന്ന തുനീഷ്യയെ ഇഞ്ചുറി ടൈം ഗോളിൽ തോൽപിച്ച് ഇംഗ്ലണ്ടിന്റെ യുവനിര ലോകകപ്പിൽ വിജയച്ചുവട് വെച്ചു. ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളിൽ അവർ 2-1 ന് ജയിച്ചു. ഉടനീളം ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ സർവശ്രമങ്ങളും ചെറുത്തുനിന്ന തുനീഷ്യ സമനില പിടിച്ചുവെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു കെയ്‌നിന്റെ വിജയഗോൾ.
രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് നിരന്തരം ആക്രമിച്ചപ്പോൾ തുനീഷ്യ സാഹസികമായി അതിജീവിക്കുകയായിരുന്നു. ആക്രമണ പരമ്പരകളുമായി കളി തുടങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽതന്നെ ലീഡ് നേടി. ക്രമേണ തുനീഷ്യ മത്സരത്തിലേക്ക് വന്നു. മുപ്പത്തഞ്ചാം മിനിറ്റിൽ പെനാൽട്ടിയിലൂടെ അവർ തുല്യത നേടി. പിന്നീട് മത്സരത്തിൽ ഒരു ഷോട്ട് പോലും അവർക്ക് ഗോളിലേക്ക് പായിക്കാനായില്ല. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് നിരന്തരം ആക്രമിച്ചപ്പോൾ തുനീഷ്യൻ പ്രതിരോധത്തിന് ശ്വാസം വിടാൻ സമയം കിട്ടിയില്ല. പലതവണ അവർ തലനാരിഴക്ക് രക്ഷപ്പെട്ടു. 1966 നു ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ ഇംഗ്ലണ്ട് ടീം ഇത്രയധികം ഷോട്ടുകൾ പോസ്റ്റിലേക്ക് പായിക്കുന്നത്.
ആവേശകരമായ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് അതിവേഗം തുടങ്ങുകയും ആദ്യം സ്‌കോർ ചെയ്യുകയും ചെയ്തു. തുടക്കം മുതൽ ആക്രമിച്ച അവർ രണ്ട് തുറന്ന അവസരങ്ങൾ പാഴാക്കിയ ശേഷമാണ് പതിനൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിലൂടെ സ്‌കോർ ചെയ്തത്. ജോൺ സ്റ്റോൺസിന്റെ ഹെഡർ തുനീഷ്യൻ ഗോളി മുഇസ് ഹസൻ സാഹസികമായി രക്ഷിച്ചെങ്കിലും റീബൗണ്ട് കെയ്ൻ വലയിലേക്ക് തിരിച്ചുവിട്ടു. പരിക്കേറ്റ മുഇസ് കണ്ണീരോടെ കളം വിടുകയും പകരം സൗദി അറേബ്യയിൽ അൽശബാബിന് കളിക്കുന്ന ഫാറൂഖ് ബിൻ മുസ്തഫ വല കാക്കാനെത്തുകയും ചെയ്തു.
ഗോൾ വീണതോടെ തുനീഷ്യ ഉണർന്നു. തുല്യവേഗത്തിൽ അവർ പ്രത്യാക്രമണം നടത്തിയതോടെ ഇംഗ്ലണ്ട് പിൻവലിഞ്ഞു. മുപ്പത്തഞ്ചാം മിനിറ്റിൽ വിവാദ പെനാൽട്ടിയിലൂടെ സൗദിയിലെ അന്നസ്ർ താരം ഫർജാനി സാസി തുനീഷ്യയെ ഒപ്പമെത്തിച്ചു. ഫഖ്‌റുദ്ദീൻ ബിൻ യൂസുഫിനെ കയ്ൽ വാക്കർ ബോക്‌സിൽ കൈമുട്ടു കൊണ്ട് ഇടിച്ചതിനാണ് റഫറി പെനാൽട്ടി അനുവദിച്ചത്. സാസിയുടെ ഷോട്ടിന് കൃത്യമായി ഗോൾകീപ്പർ ജോർദാൻ പിക്‌ഫോഡ് ചാടിയെങ്കിലും തലനാരിഴ വ്യത്യാസത്തിൽ പന്ത് വലയിലേക്ക് കയറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങൾ ജെസി ലിൻഗാഡ് സ്‌കോർ ചെയ്തുവെന്നു തോന്നി. ലിൻഗാഡിന്റെ ഷോട്ട് ഗോളിയെ കടന്നെങ്കിലും പോസ്റ്റിന് തട്ടി പുറത്തു പോയി.