Sorry, you need to enable JavaScript to visit this website.

മാറ്റാന്‍ സ്ഥലമില്ല; അരിക്കൊമ്പന്‍ ദൗത്യം ഇരുട്ടില്‍ 

ഇടുക്കി-ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക മാറ്റാമെന്ന് ആശ്വസിച്ച വനം വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. പ്രതിഷേധം കണക്കിലെടുത്ത്   പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. ആനയെ മാറ്റാന്‍ പറ്റുന്ന സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ത്രിശങ്കുവിലായി. ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഒരുക്കിയ സംവിധാനങ്ങളെല്ലാം പാഴാകുകയാണ്.
ഓപ്പറേഷന് നാളിതുവരെ 7 ലക്ഷം രൂപ ചിലവായി കഴിഞ്ഞു. 10 ലക്ഷം രൂപ ആകെ ചിലവ് പ്രതീക്ഷിച്ച ഓപ്പറേഷന്‍ നീളുന്നതിനാല്‍ തുക ഇനിയും ഏറെ ഉയരും. ഒരു മാസത്തോളമായി നാല് കുങ്കിയാനകളും ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്.
വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവയുടെ പാപ്പാന്മാര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കും വീട്ടില്‍ പോകാനായിട്ടില്ല. 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷണമെന്ന നിര്‍ദേശവും കോടതിയില്‍ നിന്ന് വന്നിട്ടുണ്ട്.  
ദൗത്യം നീളുന്നതോടെ ചിന്നക്കനാല്‍, ശാന്തന്‍ പാറമേഖലയിലെ ജനങ്ങള്‍ വേവലാതിയിലാണ്. ഒടുവിലെത്തിയ ഹൈക്കോടതി വിധി കീറാമുട്ടിയായി മാറിയതോടെ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്ന കാഴ്ചയാണ് ഇടുക്കിയിലുള്ളത്. കോടതി വിധി അനുസരിച്ച് പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനാണ് ഉത്തരവുണ്ടായത്. എന്നാല്‍ അതിനെതിരെ സി.പി.എം എം.എല്‍.എയുടെ നേതൃത്വത്തില്‍ തന്നെ പറമ്പിക്കുളത്തും ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി ഈ വിഷയം പരിഹരിക്കണമെന്നാണ് ആവശ്യം. മന്ത്രിസഭ യോഗം കൂടി പകരം സ്ഥലം കണ്ടെത്താനായി വിദഗ്ധ സമിതിയെ നിശ്ചയിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സര്‍ക്കാരിനെതിരെ സമരത്തിന് ഒരുങ്ങുകയാണ്. 19നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ഇതിനിടെ അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിക്കാനുളള റേഡിയോ കോളര്‍ ഇന്ന് എത്തും. ബംഗ്ലുരുവില്‍ നിന്ന ലഭിക്കാത്തതിനാല്‍ അസമില്‍ നിന്നാണ് കൊണ്ടുവരുന്നത്.

Latest News