Sorry, you need to enable JavaScript to visit this website.

യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രതിബന്ധം; കൂടുതൽ ആവശ്യങ്ങളുമായി ഹൂത്തികൾ

ജിദ്ദ- റമദാൻ അവസാനിക്കുന്നതിന് മുമ്പ് യെമനിലെ യുദ്ധം തീർക്കാൻ സമാധാന ഉടമ്പടി ഉണ്ടാക്കുമെന്ന പ്രതീക്ഷകൾ തകർത്ത്, സായുധസേനയും സൗദി അറേബ്യയും തമ്മിലുള്ള കരാർ ഉൾപ്പെടെ അംഗീകരിക്കാൻ വിസമ്മതിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ. അധിക ആവശ്യങ്ങൾ ഉന്നയിച്ചാണ് സമാധാന നീക്കത്തിന് തടയിടുന്നത്. ഇതേതുടർന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ റിയാദിലേക്ക് മടങ്ങുന്നത് വൈകിപ്പിച്ചതായി യെമൻ സർക്കാർ ഉദ്യോഗസ്ഥൻ മലയാളം ന്യൂസിനോട് പറഞ്ഞു. 
സൻആയിൽ ചർച്ചകൾ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമാണെന്നും കൂടുതൽ സമയം ആവശ്യമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യെമൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ ആഴ്ച അവസാനത്തിലാണ് അൽജാബറിന്റെയും ഒമാനിൽ നിന്നുള്ള മറ്റുള്ളവരുടെയും നേതൃത്വത്തിലുള്ള സൗദി പ്രതിനിധികൾ സൻആയിൽ എത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ അംഗീകരിച്ച സമാധാന ഉടമ്പടിയിലെ കാര്യങ്ങൾ ഹൂത്തികളുമായി ചർച്ച നടത്തി. 

യു.എൻ ഇടനിലക്കാരായ ഉടമ്പടി ആറ് മാസത്തേക്ക് നീട്ടൽ, ആറ് മാസത്തേക്ക് യെമൻ സർക്കാറും ഹൂത്തികളും തമ്മിൽ ചർച്ച നടത്തും, ഹൂത്തി നിയന്ത്രിത പ്രദേശങ്ങളിലെ പൊതു ജീവനക്കാർക്ക് ശമ്പളം, സൻആ വിമാനത്താവളത്തിലെയും ഹൊദൈദയിലെയും നിയന്ത്രണങ്ങൾ നീക്കൽ എന്നിവ കരാറിൽ ഉൾപ്പെടുന്നു. 
എന്നാൽ ചില ഹൂത്തി മത രാഷ്ട്രീയ നേതാക്കൾ റിയാദിനെ ഒരു മധ്യസ്ഥനെന്നതിലുപരി സംഘട്ടനത്തിൽ പങ്കാളിയായാണ് കാണുന്നതെന്നും റമദാൻ അവസാനിക്കുന്നതിന് മുമ്പ് സമാധാന ഉടമ്പടി ഉണ്ടാകാൻ സാധ്യതയില്ലെന്നും ഹൂത്തി വൃത്തങ്ങൾ സൗദിയുടെ മധ്യസ്ഥത സ്വീകരിക്കാൻ മടിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേസമയം, റമദാൻ അവസാനത്തോടെ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാർ പൂർത്തിയാക്കാൻ സൗദി പ്രതിനിധികളും ഹൂതികളും തമ്മിലുള്ള ചർച്ചകൾ അന്തിമ ഫലത്തിലെത്തിയിട്ടില്ലെന്ന് ഹൂത്തി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
പരിഹാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സൗദി അറേബ്യ അവതരിപ്പിച്ചു. ഒമാനികൾക്കൊപ്പം പ്രതിസന്ധി പരിഹരിക്കുന്നതിൽ മധ്യസ്ഥരാകാൻ ആഗ്രഹിച്ചു. എന്നാൽ ഹൂതി രാഷ്ട്രീയ, മത നേതാക്കൾ സൗദി അറേബ്യ കരാറിൽ കക്ഷിയാകണമെന്നും ഇടനിലക്കാരനാകരുതെന്നും നിർബന്ധിച്ചു.
യെമനിൽ സമാധാനം സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും ഹൂതി ഗ്രൂപ്പിന്റെ 'റാഡിക്കൽ' വിഭാഗം പരാജയപ്പെടുത്തുമെന്ന് യെമൻ സർക്കാർ വളരെക്കാലമായി മുന്നറിയിപ്പ് നൽകുന്നതാണ്. 
യെമൻ കക്ഷികൾ തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചതോടെയാണ് സൻആയിലെ ചർച്ചകൾ സംബന്ധിച്ച് ഹൂതികളുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറത്തുവന്നതെന്ന് യെമൻ ഗവൺമെന്റിന്റെ പ്രതിനിധി സംഘത്തിന്റെ തലവൻ യഹ്‌യ കസ്മാൻ പറഞ്ഞു.  880 തടവുകാരെ കൈമാറുമെന്നായിരുന്നു ധാരണ. അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ യെമൻ ഒരു അതുല്യമായ അവസരത്തിന് മുന്നിലാണെന്ന് ചൊവ്വാഴ്ച യെമനിലെ യു.എസ് പ്രത്യേക ദൂതൻ ടിം ലെൻഡർകിംഗ് പറഞ്ഞു.
 

Latest News