ആലപ്പുഴ - കായംകുളത്ത് കായലിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ്-രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതംകൃഷ്ണ(13)നെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കായലിൽ എൻ.ടി.പി.സിക്ക് സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
കായംകുളം ചൂളതെരുവിൽ എൻ.ഡി.പി.സിയുടെ സോളാർ പാനൽ കാണാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. പിന്നീട് കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
'325 കിലോ സ്വർണം കൊണ്ടുവന്നു, ഇത് കിട്ടാനാണ് തട്ടിക്കൊണ്ടുപോകൽ'; പ്രവാസി യുവാവിന്റെ വീഡിയോ സന്ദേശം
കോഴിക്കോട് - താമരശ്ശേരിയിൽ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ സ്വദേശി കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വീഡിയോ സന്ദേശം പുറത്ത്.
താനും സഹോദരനും ചേർന്ന് 325 കിലോയോളം സ്വർണം കൊണ്ടുവന്നതിന്റെ പേരിൽ ഇത് കിട്ടാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകലെന്നാണ് വീഡിയോ സന്ദേശത്തിലുള്ളത്. തന്നെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പോലീസിനെ സമീപിച്ചിട്ട് കാര്യമില്ലെന്നും പറയുന്ന സന്ദേശത്തിൽ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല.
'325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുപോയത്. ഇത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവുംപോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ലെന്നാണ് ഷാഫി പറയുന്നത്.
എന്നാൽ, വീഡിയോ തട്ടിക്കൊണ്ടു പോയ സ്വർണക്കടത്ത് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാവുമെന്നാണ് പലരും സംശയിക്കുന്നത്. സംഭവത്തിൽ കർണാടക കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പോലീസിലെ ഒരു സംഘം മഞ്ചേശ്വരത്തുണ്ട്. അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഇന്നലെ കാസർക്കോട് ചെർക്കളയിൽനിന്ന് കണ്ടെത്തിയിരുന്നു. ഇത് ഇന്ന് താമരശ്ശേരിയിൽ എത്തിക്കുമെന്നാണ് വിവരം. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിലാണ്.
ഈമാസം ഏഴിന് രാത്രിയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം ഷാഫിയെ വീട്ടിൽനിന്നും ഇറക്കി തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു.