സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ലോകകപ്പിൽ മുഹമ്മദ് സലാഹ് ബൂട്ടണിയുന്നത് കാണാനുള്ള ഈജിപ്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമാവുമോ? സലാഹ് കളിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ലെന്നും സലാഹിനെ മെരുക്കാനുള്ള വിദ്യയൊക്കെ തങ്ങളുടെ പക്കലുണ്ടെന്നും ആദ്യ മത്സരത്തിലെ 5-0 വിജയത്തിന്റെ ആഹ്ലാദത്തിൽ റഷ്യ. സൗദി അറേബ്യക്കെതിരായ അപ്രതീക്ഷിതമായ വൻ വിജയം റഷ്യയിൽ ഫുട്‌ബോൾ കമ്പക്കെട്ടിന് തിരികൊളുത്തിയിട്ടുണ്ട്. കളി കാണുന്നവരുടെ എണ്ണം 52 ശതമാനത്തിൽ നിന്ന് 64 ശതമാനമായി ഉയർന്നു. എന്നാൽ ഏഴു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്ത് ആതിഥേയർക്ക് കൂടുതൽ വലിയ വെല്ലുവിളിയായിരിക്കും.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ ശേഷം സലാഹ് കളിച്ചിട്ടില്ല. ഉറുഗ്വായ്‌ക്കെതിരായ നേരിയ 0-1 തോൽവി റിസർവ് ബെഞ്ചിലിരുന്ന് കാണുകയായിരുന്നു. ശനിയാഴ്ച പരിശീലനം നടത്താനായി ജഴ്‌സിയിടാൻ സലാഹിന് സഹതാരത്തിന്റെ സഹായം വേണ്ടിവന്നിരുന്നു. റഷ്യക്കെതിരെ കളിക്കാൻ സലാഹ് സജ്ജനാണെന്ന് ടീം മാനേജർ ഇഹാബ് ലെഹേത അവകാശപ്പെട്ടു.
പകരക്കാരനായിറങ്ങി രണ്ടു ഗോളടിച്ച ഡെനിസ് ചെറിഷേവായിരുന്നു സൗദി അറേബ്യക്കെതിരായ കളിയിൽ റഷ്യയുടെ ഹീറോ. ആ കളിയിൽ പരിക്കേറ്റ അലൻ സഗോയേവ് ഇന്ന് കളിക്കില്ല.