Sorry, you need to enable JavaScript to visit this website.

രണ്ടാം പകുതിയിൽ ചെമ്പട ഉണർന്നു

  • ബെൽജിയം 3-പാനമ 0

സോചി - ആദ്യ പകുതിയിൽ പൊരുതിനിന്ന അരങ്ങേറ്റക്കാരായ പാനമയെ മൂന്നു ഗോളിൽ മുക്കി ബെൽജിയം ലോകകപ്പിൽ കരുത്തുകാട്ടി. ടൂർണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് കരുതുന്ന ബെൽജിയം രണ്ടാം പകുതിയിലാണ് ഉണർന്നത്. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ ഡ്രൈസ് മെർടൻസിന്റെ സെൻസേഷനൽ ഷോട്ടിൽ പാനമയുടെ പ്രതിരോധം തുറന്നെടുത്ത ചെമ്പട റൊമേലു ലുകാകുവിന്റെ ഡബഌൽ വിജയം ആധികാരികമാക്കി. 1986 നു ശേഷം ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരം പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് ബെൽജിയം നിലനിർത്തി. പലപ്പോഴും പരുക്കനടവുകൾ പുറത്തെടുത്തിട്ടാണെങ്കിലും ബെൽജിയത്തിനെതിരെ ഒരു മണിക്കൂറോളം വലിയ പരിക്കില്ലാതെ നിൽക്കാൻ പാനമക്കു സാധിച്ചു. 
ബെൽജിയത്തിനായിരുന്നു ആധിപത്യമെങ്കിലും ആദ്യ പകുതിയിൽ അവരുടെ മുന്നേറ്റങ്ങൾക്ക് ഒത്തിണക്കമുണ്ടായിരുന്നില്ല. ബെൽജിയം നിരവധി അവസരങ്ങൾ ഒരുക്കി. എന്നാൽ പാനമ പ്രതിരോധവും ഗോളി ജയ്മി പിനേഡോയും ഉറച്ചുനിന്നു. എഡൻ ഹസാഡിന്റെ ഷോട്ടായിരുന്നു ആദ്യ പകുതിയിലെ എണ്ണം പറഞ്ഞത്. ആദ്യ ലോകകപ്പിനെത്തുന്ന പാനമക്ക് പിന്തുണയർപ്പിച്ച് ഗാലറിയിൽ പാനമക്കാരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ടീമിന്റെ ഏതാനും ലോംഗ്‌റെയ്ഞ്ചർ ആഘോഷിക്കാനേ അവർക്ക് അവസരം കിട്ടിയുള്ളൂ. സ്വന്തം ടീം ലോകകപ്പ് കളിക്കുന്നത് വീക്ഷിച്ച പല പാനമക്കാരും ഗാലറിയിൽ കണ്ണീർ തൂകി. ദേശീയഗാനാലാപനം വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓരോ പാനമ ആക്രമണത്തിനും പാട്ടും നൃത്തവുമായി അവർ അകമ്പടിയേകി. പാനമ പ്രസിഡന്റ് യുവാൻ കാർലോസ് വരേല റോഡ്രിഗസ്, അവരുടെ ബെയ്‌സ്‌ബോൾ സൂപ്പർ താരം മരിയാനൊ റിവേറെ തുടങ്ങിയവർ ഗാലറിയിലുണ്ടായിരുന്നു. 
വലിയ പ്രതീക്ഷകളും പ്രതിഭകളുടെ നിറസാന്നിധ്യവുമായി ഇറങ്ങിയ ബെൽജിയത്തെ കൈപ്പാടകലെ നിർത്താൻ ആദ്യ പകുതിയിൽ കന്നിക്കാരായ പാനമക്ക് സാധിച്ചു. പ്രതീക്ഷ അസ്ഥാനത്താക്കുന്ന നിറംകെട്ട കളിയാണ് ബെൽജിയം ഒന്നാം പകുതിയിൽ കാഴ്ചവെച്ചത്. 


എന്നാൽ വിശ്രമത്തിനുശേഷം ബെൽജിയം വിശ്വരൂപം പൂണ്ടു. ഒരു ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ പാനമ പ്രതിരോധം വീഴ്ച വരുത്തിയപ്പോൾ ബോക്‌സിൽനിന്ന് പായിച്ച ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെർടൻസ് വല കുലുക്കി. പോസ്റ്റിന്റെ ഏറെ ഉയരത്തിലൂടെ പോകുമെന്നു കരുതിയ പന്ത് താഴ്ന്നിറങ്ങി വലയിലേക്ക് കയറി. ലുകാകു ആറു മിനിറ്റിനിടയിൽ രണ്ടു തവണ ലക്ഷ്യം കണ്ടു. അറുപത്തൊമ്പതാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്‌നെ ബോക്‌സിൽ കയറി നൽകിയ ക്രോസ് ഹെഡറിലൂടെ ലുകാകു വലയിലെത്തിച്ചു. ബോക്‌സിലെ പാനമ പ്രതിരോധനിരക്കാർക്കിടയിലൂടെ ഷൂട്ട് ചെയ്യുന്നതിന് പകരം ഡിബ്രൂയ്‌നെ മനോഹരമായി ലുകാകുവിന്റെ തല ലക്ഷ്യം വെച്ച് പന്ത് പുറങ്കാലു കൊണ്ട് ചെത്തിവിട്ടു. നിമിഷങ്ങൾക്കകം മധ്യനിരയിൽ നിന്നുള്ള പാസുമായി കുതിച്ച് സ്‌ട്രൈക്കർ വീണ്ടും ലക്ഷ്യം കണ്ടു. ഓടിക്കയറിയ ഗോളിയുടെ തലക്കു മുകളിലൂടെ സമർഥമായി പന്തുയർത്തി.
ഒന്നു രണ്ടു തവണ കളിയുടെ ഗതിക്കെതിരെ പാനമ ഗോൾ മണം പരത്തി. ലൂയിസ് തെജാദയുടെ കാലിൽനിന്ന് ബെൽജിയം ഗോളി തിബൊ കോർട്‌വ പന്ത് റാഞ്ചി. ഗോളി സ്ഥാനം തെറ്റി നിൽക്കെ ലോംഗ്‌റെയ്ഞ്ച് ഷോട്ടിലൂടെ വല കാണാനുള്ള മൂറിലോയുടെ ശ്രമവും പാഴായി. 10 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും പാനമ ഒമ്പത് ഗോളേ അടിച്ചിട്ടുള്ളൂ. 

 


 

Latest News