ലണ്ടൻ - 'താങ്കൾ വിംബിൾഡണിന്റെയും, സെർബിയ ലോകകപ്പിന്റെയും ഫൈനലിൽ എത്തിയാൽ എന്തു ചെയ്യും?' കടുത്ത ഫുട്‌ബോൾ ആരാധകൻ കൂടിയായ മുൻ വിംബിൾഡൺ ചാമ്പ്യൻ നോവക് ജോകോവിച്ചിനോട് മാധ്യമപ്രവർത്തകരുടെ കുഴക്കുന്ന ചോദ്യം.
സെർബിയൻ ഫുട്‌ബോൾ ടീമിന്റെ ആരാധകനാണ് ജോകോവിച് എന്നറിഞ്ഞുതന്നെയാണ് മാധ്യമപ്രവർത്തകൻ ആ ചോദ്യമെറിഞ്ഞതും. രണ്ട് മത്സരങ്ങളും മണിക്കൂറുകളുടെ ഇടവേളയിലാണ് നടക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുമ്പോഴാണ് സെർബ് താരം അറിയുന്നതുതന്നെ. 'ശരിക്കും... എനിക്കറിയില്ലായിരുന്നു, വൗ...' 31 കാരൻ അമ്പരപ്പ് മറച്ചുവെച്ചില്ല. ചോദ്യം ആവർത്തിച്ചപ്പോൾ ജോകോവിച് നിലപാട് വ്യക്തമാക്കി. 'അങ്ങനെ സംഭവിച്ചാൽ ഞാൻ സന്തോഷത്തോടെ ലോകകപ്പ് ഫൈനൽ കാണുന്നത് ഒഴിവാക്കും.'
എങ്കിലും ലോകകപ്പിൽ സെർബിയൻ ടീമിന്റെ പ്രകടനത്തെ ഓരോ ഇഞ്ചും പിന്തുടരുകയാണ് ജോകോവിച്. കഴിഞ്ഞ ദിവസം സെർബിയ തങ്ങളുടെ ആദ്യ മത്സരത്തിൽ കോസ്റ്റ റീക്കയെ തോൽപ്പിക്കുന്നത് ക്വീൻസ് ക്ലബ് ടൂർണമെന്റിനിടയിൽ കളിക്കാരുടെ ലോഞ്ചിരുന്നാണ് താരം ആവേശപൂർവം കണ്ടത്.
തന്റെ അടുത്ത സുഹൃത്തുകൂടിയായ അലക്‌സാണ്ടർ കൊലറോവ് മിന്നും ഫ്രീകിക്കിലൂടെ സെർബിയയുടെ വിജയഗോൾ നേടിയത് ജോകോവിച്ചിന്റെ ആഹ്ലാദം ഇരട്ടിപ്പിച്ചു. 'ലോകകപ്പിലെ ഏറ്റവും മികച്ച തുടക്കമാണിത്' -താരം പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിനും രണ്ട് യൂറോ കപ്പുകൾക്കും യോഗ്യത നേടാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ കാലത്തിനുശേഷമാണ് ഇത്തരത്തിലുള്ള മത്സരങ്ങൾ ആസ്വദിക്കാൻ നമുക്ക് അവസരം കിട്ടുന്നത് -ജോകോവിച് തുടർന്നു.
എങ്കിലും സെർബിയ ലോകകപ്പ് ഫൈനലിലെത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ജോകോവിച് പക്ഷെ മൂന്ന് തവണ വിംബിൾഡൺ ചാമ്പ്യനായിട്ടുണ്ട്.