Sorry, you need to enable JavaScript to visit this website.

ലോട്ടറിയില്‍ കോടിയും ലക്ഷങ്ങളും നേടിയവരെ   അലട്ടുന്ന വലിയ പ്രശ്‌നം ഇതു മാത്രമാണ് 

തിരുവനന്തപുരം- ലക്ഷങ്ങള്‍ അപ്രതീക്ഷിതമായി കൈയിലെത്തുമ്പോഴുള്ള അങ്കലാപ്പ്, ലോട്ടറിയടിച്ചെന്ന വാര്‍ത്ത പുറത്തുവരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ മറികടക്കാനാണ് പരിശീലനം വേണ്ടതെന്ന് ലോട്ടറി ഒന്നാം സമ്മാന ജേതാക്കള്‍  വ്യക്തമാക്കി. ഓണം ബമ്പര്‍ ജേതാവായ തിരുവനന്തപുരം സ്വദേശി അനൂപും ക്രിസ്മസ് ബമ്പര്‍ ജേതാവായ കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ അന്‍പതോളം പേരാണ് പരിശീലനത്തിനെത്തിയത്. ലോട്ടറി വകുപ്പും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ സാമ്പത്തിക മാനേജ്‌മെന്റ് പരിശീലന പരിപാടിയിലാണ് ലക്ഷങ്ങളും കോടികളും കിട്ടിയ ലോട്ടറി ജേതാക്കള്‍ മനസ് തുറന്നത്. 
കഴിഞ്ഞ ഓണം ബമ്പര്‍ മുതല്‍ പ്രാധാന സമ്മാനത്തുക കിട്ടിയ 67 പേരെയാണ് പരിശീലനത്തിന് ക്ഷണിച്ചിരുന്നത്. പതിനേഴുപേര്‍ എത്തിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹന്റോയി മന:ശാസ്ത്ര ക്‌ളാസെടുത്തു. ഓണം ബമ്പറടിച്ച അനൂപിന്റെ അനുഭവം പാഠമായെന്ന് പലരും പറഞ്ഞു. എന്നാല്‍ തുക ചെലവഴിച്ചത് എങ്ങനെയെന്ന് പറയാന്‍ മടിച്ചു. തുടര്‍ന്ന് എല്ലാവരോടും അത് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക മാനേജ്മെന്റ്, മാനസിക സംഘര്‍ഷ ലഘൂകരണം, സ്ഥിരനിക്ഷേപങ്ങള്‍, വിവിധ നിക്ഷേപമാര്‍ഗങ്ങള്‍, ആദായനികുതി തുടങ്ങിയവയിലായിരുന്നു പരിശീലനം. ലോട്ടറിയടിച്ചവര്‍ കിട്ടിയ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് തീര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
എല്ലാമാസവും പരിശീലനം നടത്താനും ലോട്ടറി ജേതാക്കളുടെ എണ്ണവും സ്വദേശവും പരിഗണിച്ച് വിവിധ ജില്ലകളില്‍ നടത്താനും ലോട്ടറി വകുപ്പ് തീരുമാനിച്ചു. സമ്മാനത്തുക കൈമാറുന്നതിന് മുമ്പ് പരിശീലനവും മന:ശാസ്ത്ര കൗണ്‍സലിംഗും നല്‍കുന്നതും ആലോചിക്കുന്നു.
 

Latest News