Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തട്ടിയെടുത്ത സ്വര്‍ണ്ണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് എന്നെ തട്ടിക്കൊണ്ടുപോയത്. - മുഹമ്മദ് ഷാഫിയുടെ വീഡിയോ പുറത്ത്

കോഴിക്കോട് - തമരശ്ശേരിയില്‍ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ 
പ്രവാസിയായ പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. സംഘത്തിന്റെ കസ്റ്റഡിയിലിരുന്നുകൊണ്ടാണ് മുഹമ്മദ് ഷാഫി വീഡിയോയില്‍ സംസാരിക്കുന്നത്. 
താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ നിന്ന് 325 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷാഫി പറയുന്നു. എത്രയും പെട്ടന്ന് എന്നെ റിലീസാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. കാര്യങ്ങള്‍ ആ രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ ആകെ പ്രശ്‌നമാകും. പിന്നെ ആലോചിച്ചിട്ട് കാര്യമുണ്ടാകില്ലെന്നും ഷാഫി വീഡിയോയില്‍ പറയുന്നു. ബന്ധുക്കളെ ഉദ്ദേശിച്ചാണ് വീഡിയോ പുറത്തിറക്കിയതെന്ന് കരുതുന്നു.
തട്ടിക്കൊണ്ടു പോയ ശേഷം ആദ്യമായാണ് ഷാഫിയുടെ ദൃശ്യങ്ങള്‍ പുറത്ത്ു വരുന്നത്.  സൗദി വിമാനത്താവളത്തില്‍ നിന്ന് നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുഹമ്മദ് ഷാഫിയുടെ തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന വിവരം നേരത്തെ തന്നെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വീഡിയോയിലൂടെ പുറത്ത് വന്നിട്ടുള്ളത്. അതേസമയം മുഹമ്മദ് ഷാഫി എവിടെയാണുള്ളതെന്ന് സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചിട്ടില്ല.
കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരിപ്പൂരില്‍ കണ്ടെത്തിയിരുന്നു. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് മൂഹമ്മദ് ഷാഫി നേരത്തെ ഭീഷണി നേരിട്ടിരുന്നു. വെളുത്ത സ്വിഫ്റ്റ് കാറിലെത്തിയവരാണ് മുഹമ്മദ്ഷാഫിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും ആളുകളുടെ എണ്ണം കൂടിയതിനാല്‍ കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

Latest News